Kerala

കോവിഡ് പരിശോധന ഇല്ലാത്ത രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് വരാം.കേന്ദ്രം തീരുമാനിച്ചാല്‍ മാത്രമെന്ന് വിമാന കമ്പനികള്‍

വിമാന കമ്പനികള്‍ ഇതിനായി സൌകര്യം ഒരുക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്.

കോവിഡ‍് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരാനാകില്ലെന്ന നിബന്ധനയില്‍ ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍. പരിശോധനാ സംവിധാനമില്ലാത്ത നാല് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ പിപിഇ കിറ്റുകള്‍ ധരിച്ചാല്‍ മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. വിമാന കമ്പനികളോട് പിപിഇ കിറ്റ് സൌകര്യം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും.

ട്രൂനാറ്റ് പരിശോധന നടത്തണമെന്ന ആവശ്യത്തോട് ഗള്‍ഫ് രാജ്യങ്ങള്‍ അനുകൂലമായി പ്രതികരിക്കാതിരുന്നതോടെയാണ് മുന്‍നിലപാടില്‍ അയവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. പരിശോധനാ സൗകര്യമില്ലാത്ത സൗദി, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇളവ്. ഇവര്‍ പിപിഇ കിറ്റുകള്‍ ധരിച്ച് വേണം വിമാനത്തില്‍ യാത്ര ചെയ്യാന്‍. ഖത്തറിലും യുഎഇയിലും പരിശോധനാ സൗകര്യങ്ങളുള്ളത് കൊണ്ട് ഇവിടെ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാണ്.

വിമാന കമ്പനികൾ തന്നെ പിപിഇ കിറ്റ് യാത്രക്കാർക്ക് നൽകണമെന്നാണ് നിർദേശം. എന്നാല്‍ ഇതിന്‍റെ ചെലവ് ആര് വഹിക്കണം, എന്ന് മുതല്‍ നടപ്പാക്കണം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സെക്രട്ടറിതല ചര്‍ച്ച നടത്തും. കോവി‍ഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ നല്‍കിയ ഇളവ് ഇന്ന് രാത്രിയോടെയാണ് അവസാനിക്കാനിക്കുന്നത്. ആവശ്യത്തിന് പിപിഇ കിറ്റ് ലഭ്യമായില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റില്‍‌ നല്‍‌കിയ ഇളവ് കുറച്ച് ദിവസം കൂടി നീട്ടുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

മന്ത്രിസഭാ തീരുമാനങ്ങൾ പ്രായോഗികമാണോയെന്ന് പരിശോധിക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. പിപിഇ കിറ്റ് സുഗമമായി ലഭിക്കുമോ, തുക പ്രവാസികൾക്ക് താങ്ങാനാകുമോ എന്നൊക്കെ പരിശോധിക്കണം. ഇക്കാര്യങ്ങളിൽ അടിയന്തര നടപടികളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിഥി തൊഴിലാളികൾക്കുള്ള സൗകര്യങ്ങൾ പോലും പ്രവാസികൾക്ക് ലഭിച്ചില്ല. പ്രവാസികളെ കൃത്യ സമയത്ത് നാട്ടിലെത്തിച്ചിരുന്നെങ്കിൽ ഇത്രയും മരണം സംഭവിക്കില്ലായിരുന്നു. പിപിഇ കിറ്റിന്റെ ചിലവ് സർക്കാർ വഹിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

ഇപ്പോഴെങ്കിലും സര്‍ക്കാര്‍ നിലപാട് മാറ്റിയത് നന്നായെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. യുഡിഎഫ് നടത്തിയ സമരത്തിന്‍റെ വിജയമാണ് സര്‍ക്കാര്‍ പിന്‍മാറ്റമെന്ന് എം കെ മുനീര്‍ പറഞ്ഞു.

കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചാല്‍ മാത്രമേ പിപിഇ കിറ്റ് എല്ലാ യാത്രക്കാര്‍ക്കും നല്‍കാനാകൂ എന്നാണ് ഏയര്‍ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികളുടെ നിലപാട്.

മുഴുവന്‍ യാത്രക്കാര്‍ക്കും വിമാന കമ്പനികള്‍ പിപിഇ കിറ്റ് വിതരണം ചെയ്യണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാകും. കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചാല്‍ മാത്രമേ പിപിഇ കിറ്റ് എല്ലാ യാത്രക്കാര്‍ക്കും നല്‍കാനാകൂ എന്നാണ് എയര്‍ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികളുടെ നിലപാട്.