അവധി കഴിഞ്ഞ് തിരിച്ചുപോവാനൊരുങ്ങുന്ന പ്രവാസികളെ ലക്ഷ്യമിട്ട് വിമാന കമ്പനികളുടെ പകല്‍ക്കൊള്ള. കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനനിരക്കിലാണ് കമ്പനികള്‍ വന്‍ വര്‍ധന വരുത്തിയത്. നിരക്ക് കുറക്കാന്‍ നടപടി എടുക്കുമെന്ന് കേന്ദ്രസര്‍ക്കാരിന് നല്‍കിയ ഉറപ്പ് പാലിക്കാതെയാണ് പുതിയ വര്‍ധന.
ആഗസ്ത് അവസാനത്തോടെ അവധി കഴിഞ്ഞ് തിരിച്ച് പോവാനൊരുങ്ങുന്ന പ്രവാസികളെ ലക്ഷ്യമിട്ടാണ് കമ്പനികള്‍ വിമാന നിരക്കില്‍ വര്‍ധന വരുത്തിയത്. ശരാശരി 5000 രൂപ മുതല്‍ 12000 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്കാണ് നാലിരട്ടി വരെ ഈടാക്കുന്നത്. ഇതോടെ കുവൈത്ത് ദമാം എന്നിവിടങ്ങളിലേക്ക് ലക്ഷത്തിനടുത്താണ് ടിക്കറ്റ് നിരക്ക്. ദുബൈ, അബൂദബി, ഷാര്‍ജ, ദോഹ, ബഹ്റൈന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുളള വിമാന നിരക്കിലും വന്‍ വര്‍ധനവുണ്ട്.
ഗള്‍ഫ് രാജ്യങ്ങളിലെ അവധിക്കാലം കഴിഞ്ഞ് സ്കൂള്‍ തുറക്കുന്നതോടെ തിരിച്ച് പോവാന്‍ ഒരുങ്ങുന്ന പ്രവാസി കുടുംബങ്ങളും പെരുന്നാളിന് നാട്ടിലെത്തിയവരുമാണ് ഇതോടെ ഏറെ പ്രയാസത്തിലായത്. ദുബൈ വഴിയുള്ള എല്ലാ സര്‍വീസുകളെയും നിരക്ക് വര്‍ധനവ് ബാധിക്കും. ഇതോടെ യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാന നിരക്കിലും വര്‍ധനവുണ്ട്.