India Kerala

കാര്‍ഷിക കടാശ്വാസ കമ്മീഷന് എഴുതിത്തള്ളാവുന്ന വായ്പാ പരിധി 2 ലക്ഷമാക്കി ഉയര്‍ത്തി

കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ വഴി എഴുതിത്തള്ളുന്ന കാര്‍ഷിക വായ്പാ പരിധി രണ്ട് ലക്ഷമാക്കി ഉയര്‍ത്തി. നിലവില്‍ ഒരു ലക്ഷം വരെയുള്ള വായ്പയാണ് കമ്മീഷന്‍ പരിഗണിക്കുന്നത്. സഹകരണ ബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍ക്കാണ് തീരുമാനം ബാധകമാകുക. വാണിജ്യബാങ്കുകളിലെ വായ്പയുടെ കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറ‍ഞ്ഞു.

പ്രളയത്തിന്‍റെയും കര്‍ഷക ആത്മഹത്യകളുടേയും പശ്ചാത്തലത്തില്‍ കര്‍ഷക കടങ്ങള്‍ എഴുതി തള്ളണമെന്നാവശ്യം നേരത്തെ തന്നെ ഉയര്‍ന്ന് വന്നിരുന്നു. ഇതേതുടര്‍ന്നാണ് കര്‍ഷക ആശ്വാസനടപടികള്‍ സ്വീകരിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. സഹകരണ ബാങ്കുകളില്‍ നിന്ന് കര്‍ഷകര്‍ എടുത്ത രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ എഴുതിതള്ളും. നേരത്തെ 50000 മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകളായിരുന്നു എഴുതി തള്ളിയിരുന്നത്. സഹകരണ ബാങ്കുകള്‍ക്ക് പുറമെ വാണിജ്യ ബാങ്കുകളിലും പദ്ധതി നടപ്പാക്കുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 1000 സ്ഥിരം തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു. 400 ഡോക്ടര്‍മാര്‍, 400 നഴ്സുമാര്‍, 200 ലാബ്ടെക്നീഷ്യന്‍ എന്നിവരെ നിയമിക്കാനാണ് ആര്‍ദ്രം പദ്ധതിയുടെ രണ്ടാം ഘട്ടമായി തീരുമാനിച്ചിരിക്കുന്നത്.