Kerala

അഗ്നിപഥ് സമരം മോദി വിരുദ്ധരുടെ സ്ഥിരം കലാപരിപാടി: കെ സുരേന്ദ്രൻ

അഗ്നിപഥിനെതിരായ സമരം നടത്തുന്നത് നരേന്ദ്രമോദി സർക്കാരിനെ കണ്ണടച്ച് എതിർക്കുന്നവരാണെന്നും, സ്ഥിരം കലാപരിപാടിയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഗ്നിപഥ് പദ്ധതി രാജ്യത്തെ യുവാക്കളുടെ പ്രതീക്ഷയാണ്. ഇടത്-ജിഹാദി-അർബൻ നക്സൽ ഗ്യാംങ്ങിന്റെ നേതൃത്വത്തിലുള്ള സമരമാണ് ഇപ്പോൾ നടക്കുന്നത്. ഇവർ ബ്രേക്ക് ഇന്ത്യാ ബ്രിഗേഡ് ടീം ആണെന്നും കെ സുരേന്ദ്രൻ.

തിടുക്കപ്പെട്ടാണ് അഗ്നിപഥ് നടപ്പാക്കിയതെന്ന പ്രചരണം ശരിയല്ല. കഴിഞ്ഞ രണ്ട് വർഷത്തെ ചർച്ചകൾക്ക് ശേഷമാണ് പദ്ധതി നടപ്പിലാക്കിയത്. സമരക്കാരോട് കേന്ദ്ര സർക്കാരിന് തുറന്ന സമീപനമാണ് ഉള്ളത്. സംസ്ഥാന ഫോഴ്സുകളിലും അർദ്ധ സൈനിക ഫോഴ്സുകളിലും അഗ്നിവീരൻമാർക്ക് സംവരണം ലഭിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ടെന്നും കോട്ടയത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ചില ആർമി റിക്രൂട്ട്മെന്റ് ഏജൻസി നടത്തിപ്പുകാർക്ക് മാത്രമേ അഗ്നിപഥ് കൊണ്ട് ബുദ്ധിമുട്ടുണ്ടാവുകയുള്ളൂ. കഴിഞ്ഞ രണ്ട് ലോക കേരള സഭകളും ചാപിള്ളകളായിരുന്നുവെന്ന് ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു. ലോക കേരള സഭയുടെ ഭാഗമായി ഒരു നിക്ഷേപവും കേരളത്തിൽ വന്നിട്ടില്ല. മലയാളി സമൂഹത്തിന് ലോക കേരള സഭ എന്തെങ്കിലും സംഭാവന ചെയ്തിട്ടുണ്ടെങ്കിൽ അത് സ്പീക്കറും അതിന്റെ വക്താക്കളും ജനങ്ങളോട് പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.