Kerala Latest news

ഹയർസെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി 56 ആക്കി ഉയർത്തി

ഹയർസെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി 56 ആക്കി ഉയർത്തി വിദ്യാഭ്യാസ വകുപ്പ്. പ്രായപരിധി നാൽപ്പതിൽ നിന്ന് 56 ആക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. നേരത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ ജനറൽ വിഭാഗത്തിൽ അധ്യാപകരുടെ പ്രായപരിധി 40 വയസായിരുന്നു.(age limit of higher secondary guest teachers increased)

നിലവിൽ സ്പെഷ്യൽ റൂൾ പ്രകാരമുള്ള പ്രായപരിധിക്കുള്ളിലെ ഗസ്റ്റ് അധ്യാപകരെ ലഭിക്കാത്തതിനാൽ പഠിപ്പിക്കുവാൻ അധ്യാപകരില്ലാത്ത അവസ്ഥ ഉള്ളതായി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടും ഉണ്ടായിരുന്നു. ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ വേണ്ടിയാണ് പ്രായം പുനർനിശ്ചയിച്ചതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

40 വയസ് കഴിഞ്ഞ ഗസ്റ്റ് അധ്യാപകരുടെ നിയമന ഉത്തരവുകൾ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർ തള്ളുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. ഒ.ബി.സിക്ക് 43, എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് 45 വയസ്സ് എന്നിങ്ങനെയായിരുന്നു പ്രായപരിധി.

മാത്രമല്ല, ബി.എഡ് അടക്കമുള്ള എല്ലാ യോഗ്യതകളും നേടിയ ശേഷം വളരെ ചുരുങ്ങിയ കാലം മാത്രമേ അധ്യാപനം നടത്താൻ തങ്ങൾക്ക് കഴിയുന്നുള്ളൂ എന്ന പരാതിയും അധ്യാപകരിൽ നിന്നും ഉദ്യോഗാർഥികളിൽ നിന്നും ഉയർന്നിരുന്നു. ഈ പരാതികൾ പരിഗണിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി പുനർനിശ്ചയിക്കുകയായിരുന്നു.