Kerala

മാസ്ക് വെച്ചില്ലെന്ന് പറഞ്ഞ് പൊലീസ് ജീപ്പിലേക്ക് വലിച്ചിട്ടു; ഡോറിനിടയില്‍പെട്ട് യുവാവിന്റെ കാലിന് പൊട്ടല്‍

മാസ്ക് വെച്ചില്ലെന്ന് പറഞ്ഞ് പൊലീസ് ജീപ്പിലേക്ക് വലിച്ചിട്ടു, ഡോറിനിടയില്‍പെട്ട് യുവാവിന്റെ കാലിന് പൊട്ടല്‍. ഇന്നലെ ഉച്ചയ്ക്ക് കോട്ടയം മെഡിക്കല്‍ കോളജിലാണ് ക്രൂരമായ സംഭവം നടന്നത്. മെഡിക്കല്‍ കോളജില്‍ ഗൈനക്കോളജി വിഭാഗത്തില്‍ കഴിഞ്ഞ 16 ദിവസമായി കൂട്ടിരിപ്പ് കാരനാണ് കോട്ടയം പള്ളം മാവിളങ്ങ് സ്വദേശി അജികുമാര്‍(45).

ഇന്നലെ പതിവുപോലെ ഗൈനക്കോളജി വിഭാഗത്തിനു പുറത്ത് കാത്തിരിക്കുമ്പോഴാണ് കണ്‍ട്രോള്‍റൂം വാഹനമെത്തി മാസ്ക് ഇല്ലാത്തവരെ തിരഞ്ഞ് പെറ്റി അടിക്കാന്‍ തുടങ്ങിയത്. മരത്തിനു ചുവട്ടില്‍ ഇരിക്കുകയായിരുന്ന അജി കുമാറിനോടും പൊലീസ് ഫൈന്‍ അടക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ മാസ്ക് വെച്ചിരുന്നതായി അജികുമാര്‍ പൊലീസിനോട് പറഞ്ഞു. ഇതാണ് തര്‍ക്കത്തിനും അതിക്രമത്തിനും കാരണമായത്.

മാസ്ക് വെച്ച്‌ എന്ന് ചൂണ്ടിക്കാട്ടി പൊലീസുമായി സംസാരിച്ചതോടെ അജി കുമാറിനെ വാഹനത്തില്‍ കയറ്റി കൊണ്ടു പോകാന്‍ ഉള്ള ശ്രമത്തിനിടയിലാണ് അജി കുമാറിന്റെ കാലിന് പരിക്കേറ്റത്. ഡോര്‍ അടയ്ക്കുമ്പോൾ കാല്‍ ഡോറിന്റെ ഇടയിലാണെന്ന് പല തവണ വിളിച്ചു പറഞ്ഞിരുന്നതായി അജികുമാര്‍ പറയുന്നു. എന്നാല്‍ വളരെ ദേഷ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ വാതില്‍ രണ്ടുതവണ ആഞ്ഞ് അടച്ചതായി അജി കുമാര്‍ പറയുന്നു. ഇതാണ് പരിക്ക് ഉണ്ടാകാന്‍ കാരണമായത്. തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ 500 രൂപ ഫൈന്‍ അടക്കണമെന്ന് ആവശ്യപ്പെട്ടു. അജി കുമാറിനെതിരെ നടന്നത് ക്രൂരമായ പൊലീസ് അതിക്രമം ആണെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികളും പറയുന്നു. അജികുമാര്‍ ചൂണ്ടിക്കാട്ടിയ അതേ വാദങ്ങള്‍ തന്നെയാണ് ദൃക്സാക്ഷികളും ആവര്‍ത്തിക്കുന്നത്. അജി കുമാറിനെയും മെഡിക്കല്‍ കോളജില്‍ പരിശോധിച്ച എക്സ്-റേ റിപ്പോര്‍ട്ടുകളിലും മറ്റ് റിപ്പോര്‍ട്ടുകളിലും കാലിന് പരിക്കുണ്ട് എന്ന് വ്യക്തമാണ്. അതേസമയം പൊലീസ് അക്രമത്തില്‍ അല്ല അജികുമാറിന് പരിക്കേറ്റതെന്ന് ഗാന്ധിനഗര്‍ പൊലീസ് പറയുന്നു.