India Kerala

സുഗന്ധഗിരിയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തിയതായി പ്രദേശവാസികള്‍

വയനാട് ലക്കിടിയില്‍ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടതിന് ശേഷവും സുഗന്ധഗിരിയില്‍ മാവോയിസ്റ്റുകളെത്തിയതായി പ്രദേശവാസികള്‍. സുഗന്ധഗിരി പ്ലാന്‍റേഷന്‍ ഏരിയയില്‍ മാവോയിസ്റ്റ് വേട്ടക്കായി സ്ഥാപിച്ച പൊലീസ് ഔട്ട് പോസ്റ്റിന് തൊട്ടടുത്താണ് ആയുധധാരികളായ മാവോയിസ്റ്റുകളെത്തിയത്.

സമീപകാലത്ത് മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടായ വയനാട്ടിലെ ലക്കിടി, സുഗന്ധഗിരി, അംബ, ചെന്നായ്കവല എന്നിവിടങ്ങളില്‍ തണ്ടര്‍ ബോള്‍ട്ടിന്‍റെ സ്ഥിര നിരീക്ഷണമുണ്ട്. സുഗന്ധഗിരിയില്‍ സ്ഥാപിച്ച പൊലീസ് ഔട്ട് പോസ്റ്റില്‍ ഇരുപതോളം പൊലീസുകാരാണ് ഡ്യൂട്ടിയിലുള്ളത്. ഇതിനിടയിലും തൊട്ടടുത്ത വീടുകളില്‍ മാവോയിസ്റ്റുകളെത്തിയതായാണ് സമീപവാസികള്‍ പറയുന്നത്.

തോക്കുകളേന്തിയ പൊലീസുകാരുടെയും തണ്ടര്‍ബോള്‍ട്ട് സംഘത്തിന്‍റെയും നടുവിലാണ് സുഗന്ധഗിരി ഗവണ്‍മെന്‍റ് എല്‍.പി സ്കൂളിലെ കുട്ടികള്‍ പഠിക്കുന്നത്. പ്രദേശവാസികളുടെ സ്വകാര്യതയെ കൂടി ബാധിക്കുന്ന തലത്തിലേക്ക് പൊലീസ് നിരീക്ഷണം മാറിയിരിക്കുന്നു.

ലക്കിടിയിലെ ഉപവന്‍ റിസോര്‍ട്ടിലെത്തിയ രണ്ട് മാവോയിസ്റ്റുകളിലൊരാളായ സി.പി ജിലീല്‍ വെടിയേറ്റ് മരിക്കുകയും ഒരാള്‍ രക്ഷപ്പെടുകയും ചെയ്ത ശേഷം തണ്ടര്‍ബോള്‍ട്ടും പൊലീസും നിരീക്ഷണം ശക്തമാക്കിയിരുന്നു. അതിനിടയിലാണ് പൊലീസ് ഔട്ട് പോസ്റ്റിനടുത്ത് തന്നെ വീണ്ടും മാവോയിസ്റ്റുകളെത്തിയത്.