India Kerala

ഇരുവഴിഞ്ഞി പുഴയില്‍ വീണ്ടും പായല്‍; ബ്ലൂ ഗ്രീന്‍ ആല്‍ഗയെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട് ഇരുവഴിഞ്ഞി പുഴയില്‍ വീണ്ടും ബ്ലൂ ഗ്രീൻ ആൽഗയ്ക്ക് സമാനമായ പായല്‍. രണ്ട് വര്‍ഷം മുമ്പ് പുഴയിൽ കണ്ട ബ്ലൂ ഗ്രീന്‍ ആല്‍ഗ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. പുഴക്ക് ദോഷകരമായ പായലിനെ കുറിച്ച് പഠനം നടത്തണമെന്ന ആവശ്യവുമായി തദ്ദേശ സ്ഥാപനങ്ങളും രംഗത്ത്. ചാലിയാറിലും ഇരുവഴിഞ്ഞിപുഴയിലും രണ്ട് വര്‍ഷം മുമ്പ് ബ്ലൂ ഗ്രീന്‍ ആല്‍ഗയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇത്തവണ കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലായി ഇരുവഴിഞ്ഞി പുഴയില്‍ പായല്‍ മൂടിയിട്ടുണ്ട്.

രണ്ടാഴ്ച മുമ്പാണ് വെള്ളത്തിന് മുകളില്‍ പായല്‍ രൂപപ്പെട്ടത്. പിന്നീട് കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. കഴിഞ്ഞ തവണ പഠനം നടത്തിയ സി.ഡബ്യു.ആര്‍.ഡി.എമ്മിലെ ശാസ്ത്രഞ്‍ജര്‍ വെള്ളത്തില്‍ സൈനോ ബാക്ടീരിയയുടെ അളവ് ക്രമാതീതമായി കൂടിയതായി കണ്ടെത്തിയിരുന്നു. ഇത്തവണ പുഴയില്‍ വ്യാപിച്ചത് എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ബ്ലൂ ഗ്രീന്‍ ആല്‍ഗ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ വിശദമായ പഠനം നടത്തണമെന്നതാണ് പഞ്ചായത്ത് അധികൃതരുടെ ആവശ്യം.

നൈട്രേറ്റിന്‍റെയും ഫോസ്ഫേറ്റിന്‍റെയും അളവ് കൂടുന്നതോടെയാണ് നദികളില്‍ ബ്ലൂ ഗ്രീന്‍ ആല്‍ഗ നിറയുന്നത്. മാലിന്യ നിക്ഷേപമാണ് ഇതിന് കാരണമാകുന്നത്. നിരവധി കുടിവെള്ള പദ്ധതികള്‍ ഇരുവഴിഞ്ഞിപുഴയെ ആശ്രയിച്ചുണ്ട്. നേരത്തെ ഈ വെള്ളം കുടിക്കാനുപോയഗിക്കരുതെന്ന് ശാസ്ത്രഞ്ജര്‍ മുന്നറിയിപ്പ് നല്കിയിരുന്നു.