India Kerala

‘മുഖ്യമന്ത്രി തീരുമാനിച്ചാല്‍ ഹൈക്കോടതി എങ്ങോട്ടും മാറില്ല’; കളമശേരിയില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ അഭിഭാഷകര്‍

ഹൈക്കോടതി ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ സിറ്റി കളമശ്ശേരിയില്‍ സ്ഥാപിക്കാനുള്ള നീക്കത്തെ എതിര്‍ത്ത് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍. സര്‍ക്കാരിന്റേത് ഏകപക്ഷീയമായ തീരുമാനമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായ് പറഞ്ഞു. ചീഫ് ജസ്റ്റിസോ ഫുള്‍ കോടതിയോ സര്‍ക്കാര്‍ നിര്‍ദേശത്തെ പിന്തുണക്കുന്നില്ല. മുഖ്യമന്ത്രിയോ നിയമമന്ത്രിയോ തീരുമാനിച്ചാല്‍ ഹൈക്കോടതി എങ്ങോട്ടും മാറില്ലെന്നും യശ്വന്ത് ഷേണായ് വിമര്‍ശിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമല്ലെന്നും കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ എന്ന സ്ഥാപനത്തിന്റെ അഭിപ്രായമാണെന്നും വ്യക്തമായി സൂചിപ്പിച്ചുകൊണ്ടാണ് പോസ്റ്റ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഞാന്‍ ഈ ഒരു പോസ്റ്റ് ഷെയര്‍ ചെയ്യുന്നത് എന്റെ വ്യക്തിപരമായ നിലയിലല്ല, കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയിലുള്ള എന്റെ ഔദ്യോഗിക സ്ഥാനത്തിലാണ് .ബഹുമാനപ്പെട്ട മന്ത്രിയുടെ ഈ ഫേസ്ബുക് പോസ്റ്റ് സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനമാണ്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ കുറിച്ച് ഇതില്‍ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ചീഫ് ജസ്റ്റിസോ ഫുള്‍ കോടതിയോ സര്‍ക്കാരിന്റെ ഈ ‘സ്വപ്ന നിര്‍ദ്ദേശത്തെ’ പിന്തുണയ്ക്കുന്നുവെന്ന് അര്‍ത്ഥമാക്കുന്നില്ല.

ഏകദേശം 20 വര്‍ഷം പഴക്കമുള്ള ഹൈക്കോടതി കെട്ടിടം ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഹൈക്കോടതി കെട്ടിടങ്ങളിലൊന്നാണ്. കേരള ജുഡീഷ്യല്‍ അക്കാദമിക്ക് ഏകദേശം 5 വര്‍ഷം പഴക്കമുണ്ട്, കൂടാതെ മന്ത്രി അവകാശപ്പെടുന്ന മറ്റ് നിരവധി കെട്ടിടങ്ങളും. ഈ കെട്ടിടങ്ങളുടെ ആകെ ചെലവ് കുറഞ്ഞത് 500 കോടിയോളം വരും.

പുതിയ നിര്‍ദ്ദേശത്തിന് 5001000 കോടിയില്‍ കുറയാത്ത ചിലവ് വരും. അഭിഭാഷകരില്‍ നിന്ന് പിരിച്ചെടുത്ത ബാര്‍ കൗണ്‍സില്‍ ഓഫ് കേരളയ്ക്ക് നല്‍കാനുള്ള പണം പോലും സര്‍ക്കാരിന്റെ പക്കലില്ല. ആ തുക മാത്രം ഏകദേശം 500 കോടിയോളം വരുമെന്ന് ഞാന്‍ കരുതുന്നു. ഇന്നലെ ഞാന്‍ കെല്‍സ യോഗത്തില്‍ പങ്കെടുത്തിരുന്നു, അവിടെ യാത്ര ബത്തക്ക് പണം നല്‍കാന്‍ സര്‍ക്കാരിന് മതിയായ ഫണ്ടില്ല.
അന്വേഷണം നടത്തി ഹൈക്കോടതിയെ ‘മാറ്റേണ്ട ആവശ്യത്തിന്’ കാരണക്കാരായവരെ , ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കുന്നതിന് മുമ്പ് കേരള ഹൈക്കോടതി എങ്ങോട്ടും മാറുന്നില്ല.

ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ തുകയുടെ 10% സര്‍ക്കാരിന്റെ പക്കലുണ്ടെങ്കില്‍, ആ തുക ഇന്ന് പ്രവര്‍ത്തിക്കുന്ന വിവിധ കോടതികളിലേക്ക് നവീകരിക്കാന്‍ ചെലവഴിക്കണമെന്ന് ഞാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ഹൈക്കോടതിയുടെ സ്ഥലം മാറ്റാനുള്ള നീക്കത്തെ കെഎച്ച്‌സിഎഎയുടെ ജനറല്‍ ബോഡി എതിര്‍ത്തു, ജനറല്‍ ബോഡിയില്‍ ഈ അഭിപ്രായം തുടരുന്നിടത്തോളം കാലം, കേരള ഹൈക്കോടതി കളമശ്ശേരിയിലേക്കോ മറ്റെവിടെയെങ്കിലുമോ മാറുന്നില്ല. ഈ നിര്‍ദ്ദേശത്തില്‍ താല്‍പ്പര്യമുള്ളത് ആരായാലും , അത്! മുഖ്യമന്ത്രിയോ നിയമമന്ത്രിയോ ആയാലും.