Kerala

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധം: ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്ന് ഹൈക്കോടതി. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ – പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും ഹൈക്കോടതി പറഞ്ഞു. കെഎസ്ആര്‍ടിസി ബസുകളിലെ അധിക ഫിറ്റിംഗ്‌സും മറ്റും അനുവദിക്കാനാകില്ലെന്ന് പറഞ്ഞ കോടതി കര്‍ശന നടപടി വേണമെന്നും പറഞ്ഞു. (Advertisements on KSRTC buses against safety norms says HC)

എല്ലാ ടൂറിസ്റ്റ് ബസുകളും മൂന്ന് ദിവസത്തിനകം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ബസിന് വെള്ളനിറം മാത്രം പോരെന്നും നിയമവിരുദ്ധ ലൈറ്റും മറ്റ് ശബ്ദസംവിധാനങ്ങളും ഇല്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിഷ്‌കര്‍ഷിച്ചു. നിയമലംഘനം കണ്ടെത്തിയാല്‍ മോട്ടോര്‍ വാഹനവകുപ്പ് കടുത്ത നടപടിയെടുക്കണം. ടൂറിസ്റ്റ് ബസ് ഉടമകള്‍ പരിശോധനയുമായി സഹകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. സഹകരിച്ചില്ലെങ്കില്‍ കോടതിലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്‌സ്‌പോകള്‍, ഓട്ടോമൊബൈല്‍ ഷോസ് എന്നിവയില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു. മലപ്പുറം കെ.എം.ടി.സി കോളേജിലെ ഓട്ടോ ഷോ എക്്‌സ്‌പോയിലെ ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു. എക്‌സ്‌പോക്കായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിച്ചു. ഈ വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കി. എക്‌സ്‌പോയിലെ ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച വ്‌ളോഗര്‍മാര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും കോടതി പറഞ്ഞു.

കുട്ടികളുള്‍പ്പെടെ 9 പേര്‍ മരിക്കാനിടയാക്കിയ വടക്കാഞ്ചേരി വാഹനാപകടവും കോടതി പരാമര്‍ശിച്ചു. അപകടത്തില്‍ ഉള്‍പ്പെട്ട ബസിലെ ഡ്രൈവര്‍ ക്യാബിനില്‍ അടക്കം നിയമവിരുദ്ധ ലൈറ്റുകളെന്ന് ഹൈക്കോടതി പറഞ്ഞു.