Kerala

മലപ്പുറം ഡി.സി.സി പ്രസിഡന്‍റായി വി.വി പ്രകാശ് ചുമതലയേറ്റു

മലപ്പുറം ഡി.സി.സി പ്രസിഡന്‍റായി വി.വി പ്രകാശ് ചുമതലയേറ്റു. വി.വി പ്രകാശ് നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആയതിനെത്തുടര്‍ന്ന് ആര്യാടന്‍ ഷൌക്കത്തിന് താത്ക്കാലിക ചുമതല നല്‍കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.സി.സി അധ്യക്ഷന്മാർ മത്സരിച്ച മലപ്പുറം ഉള്‍പ്പെടെ അ‍ഞ്ച് ജില്ലകളിലും മാറ്റമുണ്ടെന്നും മലപ്പുറത്ത് പ്രത്യേകമായല്ല ഡി.സി.സി അധ്യക്ഷ ചുമതല മറ്റൊരാൾക്ക് നൽകിയതെന്നും വി.വി പ്രകാശ് പറഞ്ഞു .

മലപ്പുറം ഉള്‍പ്പെടെ ഡി.സി.സി അധ്യക്ഷന്‍മാര്‍ സ്ഥാനാര്‍ത്ഥികളായ അഞ്ച് ജില്ലകളില്‍ താത്ക്കാലികമായി മുതിര്‍ന്ന നേതാക്കള്‍ക്ക് ഡി.സി.സി അധ്യക്ഷ സ്ഥാനം നല്‍കിയിരുന്നു. എന്നാല്‍ മലപ്പുറത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്തുയര്‍ന്ന പ്രശ്ന പരിഹാരമെന്ന നിലക്ക് കൂടിയാണ് ആര്യാടന്‍ ഷൌക്കത്തിന് ഡി.സി.സി ചുമതല നല്‍കിയതെന്നായിരുന്നു സൂചന . താത്ക്കാലിക ചുമതലയായിരുന്നെങ്കിലും തെരഞ്ഞെടുപ്പിന് ശേഷവും ആര്യാടന്‍ ഷൌക്കത്ത് തന്നെ ഡി.സി.സി അധ്യക്ഷനായി തുടര്‍ന്നേക്കുമെന്നായിരുന്നു വിലയിരുത്തല്‍. നിലമ്പൂരില്‍ ആര്യാടന്‍ ഷൌക്കത്തിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും ചെയ്തിരുന്നു. ഡി.സി.സി അധ്യക്ഷനായിരുന്ന വി.വി പ്രകാശിനെ തന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷമാണ് സ്ഥാനാര്‍ത്ഥിത്വത്തിനായി അവകാശവാദമുന്നയിച്ച ആര്യാടന്‍ ഷൌക്കത്തിന് ഡി.സി.സി അധ്യക്ഷ ചുമതല നല്‍കിയത്.

സ്ഥാന കൈമാറ്റം വലിയ ചടങ്ങായി സംഘടിപ്പിക്കുകയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആര്യാടന്‍ ഷൌക്കത്തിന് അഭിവാദ്യമര്‍പ്പിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ മലപ്പുറം ജില്ലക്ക് മാത്രമായി പ്രത്യേക തീരുമാനമില്ലായിരുന്നുവെന്നും മറ്റു ജില്ലകളുൾപ്പെടെ നേതൃത്വമാണ് തീരുമാനങ്ങളെടുക്കുന്നതെന്നും ഡി.സി.സി അധ്യക്ഷന്‍ വി.വി പ്രകാശ് പറഞ്ഞു. 20 ദിവസം ഡി.സി.സി അധ്യക്ഷനായി ചുമതല വഹിക്കാന്‍ അവസരം തന്ന പാര്‍ട്ടിയോട് നന്ദിയുണ്ടെന്നും തുടര്‍ന്നും കോണ്‍ഗ്രസിന് ശക്തി പകരാനായി പ്രവര്‍ത്തിക്കുമെന്നുമായിരുന്നു ഡി.സി.സി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെ ആര്യാടന്‍ ഷൌക്കത്തിന്‍റെ പ്രതികരണം.