തിരുവനന്തപുരം•മഹാത്മാ അയ്യങ്കാളിയുടെ പ്രതിമ തകർത്ത സി പി എം പ്രവർത്തകരുടെ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള.
ത്രിപ്പുണിത്തുറയ്ക്ക് സമീപം പൂത്തോട്ടയിൽ എർണാകുളം പാർലമെന്റ് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി പി. രാജീവിന്റെ പ്രചാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് അയ്യങ്കാളി പ്രതിമ സി പി എം പ്രവർത്തകർ തകർത്തത്.
കേരളത്തിലെ ഒരു വലിയ ജന വിഭാഗത്തെ വ്രണപ്പെടുത്തുന്നതും അവർക്കെതിരെ പരസ്യമായി വെല്ലുവിളി ഉയർത്തു ന്നതുമായ നടപടിയാണിത്, ശ്രീധരൻ പിള്ള പ്രസ്താവനിൽ പറഞ്ഞു.
ശക്തമായ ജനരോഷത്തെ തുടർന്നാണ് സംഭവത്തിൽ അറസ്റ്റുകൾ നടത്താൻ പോലീസ് തയ്യാറായത്. അറസ്റ്റ് ഒഴിവാക്കാൻ ഉന്നത തലങ്ങളിൽ നിന്ന് സമ്മർദ്ദം ഉണ്ടായിരുന്നു. മൂന്ന് സി പി എം പ്രവർത്തകരെ മാത്രമാണ് സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് അറസ്റ്റ് ചെയ്തിട്ടുള്ളത്.
അയ്യങ്കാളി പ്രതിമ തകർത്ത സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ സി പി എം പ്രവർത്തകരെയും അതിന് പിന്നിലുള്ള ഗൂഡാലോചനയ്ക്ക് നേതൃത്വം നൽകിയവരെയും ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു.
മഹാത്മാ അയ്യങ്കാളിയുടെ അർദ്ധകായ പ്രതിമ പൂർണ്ണമായി തകർക്കപ്പെടുകയായിരുന്നു. ഇത് ആസൂത്രിതമായ ശ്രമത്തിന്റെ ഫലമാണ്.
നവോത്ഥാനത്തിന്റെ മറവിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്ന സി പി എം പ്രവർത്തകരാണ് നവോത്ഥാന നായകന്റെ പ്രതിമ തകർത്തതെന്നത് ഇവരുടെ നവോത്ഥാന നാടകം പൊളിച്ചു കാണിക്കുന്നു.
പൂത്തോട്ട സംഭവത്തിൽ മുഴുവൻ കേരള ജനതയും ശക്തിയായി പ്രതിഷേധിക്കണമെന്ന് ശ്രീധരൻ പിള്ള അഭ്യർത്ഥിച്ചു.