പാലാ സെന്റ് തോമസ് കോളജിലെ നിതിനയുടെ കൊലപാതകത്തിൽ പ്രതികരിച്ച് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. പെണ്കുട്ടികൾക്കെതിരായ അക്രമ സംഭവങ്ങൾ ഗൗരവതരമെന്ന് പി സതീദേവി അഭിപ്രായപ്പെട്ടു. യുവാക്കളിൽ ഇത്തരം മാനസികാവസ്ഥ എന്തുകൊണ്ടാണ് ഉണ്ടാകുന്നത് ഗൗരവതരമായി പഠിക്കണം. അതിക്രമത്തിന് ശേഷം പ്രണയമാണെന്ന് പറയാൻ സമൂഹം തയാറാകരുതെന്നും ലോക്‌ഡൗൺ കാലയളവിൽ യുവാക്കളിൽ സ്വാർത്ഥബോധം ശക്തിപ്പെടുന്നുവെന്നും പി സതീദേവി ട്വൻറി ഫോറിനോട് പറഞ്ഞു . ട്വൻറി ഫോർ ‘എൻകൗണ്ടറി’ൽ ആയിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷയുടെ പ്രതികരണം.
ഇതിനിടെ നിതിന മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് പ്രതി അഭിഷേകിനെ അസ്വസ്ഥമാക്കിയിരുന്നുവെന്ന് സുഹൃത്ത് ദീപേഷ് പറഞ്ഞു . അടുത്തിടയ്ക്കാണ് ഇക്കാര്യം അറിഞ്ഞതെന്നും ദീപേഷ് വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. പാലാ സെന്റ് തോമസ് കോളജിലെ ഫുഡ് പ്രോസസിങ് ടെക്‌നോളജി അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു കൊല്ലപ്പെട്ട നിതിന മോൾ. സഹപാഠിയായ പ്രതി അഭിഷേകാണ് നിതിനയെ കൊലപ്പെടുത്തിയത്. പരീക്ഷ കഴിഞ്ഞിറങ്ങിയ പെൺകുട്ടിയെ അഭിഷേക് കൊലപ്പെടുത്തുകയായിരുന്നു. പ്രണയ നൈരാശ്യമാണ് കൊലയ്ക്ക് കാരണമായതെന്നാണ് അഭിഷേക് പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്.