India Kerala

പ്രചരണം ഉള്‍പ്പെടെ എല്ലാ രംഗത്തും വീഴ്ച പറ്റി; കോന്നിയിലെ പരാജയത്തില്‍ പത്തനംതിട്ട ഡി.സി.സിക്കെതിരെ അടൂര്‍ പ്രകാശ്

കോന്നിയിലെ പരാജയത്തില്‍ പത്തനംതിട്ട ഡി.സി.സിക്കെതിരെ അടൂര്‍ പ്രകാശിന്റെ രൂക്ഷവിമര്‍ശനം. പ്രചരണം ഉള്‍പ്പെടെ എല്ലാ രംഗത്തും ഡി.സി.സിക്ക് വീഴ്ച പറ്റി. സ്ഥാനാര്‍ത്ഥിയാകാന്‍ താന്‍ നിര്‍ദേശിച്ച റോബിന്‍ പീറ്ററിന്റെ അയോഗ്യതയെന്താണെന്ന് അറിയില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

കോന്നിയിലെ പരാജയത്തില്‍ തനിക്ക് ഖേദമുണ്ടെന്ന് പറഞ്ഞ അടൂര്‍ പ്രകാശ് തോല്‍വിയുടെ ഉത്തരവാദിത്തം ജില്ലാ നേതൃത്വത്തിനാണെന്ന് വ്യക്തമാക്കി. സ്ഥാനാര്‍ഥി സംബന്ധിച്ച അഭിപ്രായം ചോദിച്ചപ്പോള്‍ അഭിപ്രായം പറഞ്ഞു, റോബിന്‍ പീറ്ററിന്റെ അയോഗ്യതയെന്തെന്ന് അറിയില്ല. പ്രചാരണത്തില്‍ പാര്‍ട്ടി പറഞ്ഞതെല്ലാം ചെയ്തിട്ടുണ്ട്. തോല്‍വിയുടെ കാരണം അന്വേഷിക്കണം.

കോന്നിയിലെ ജനങ്ങളുമായി താന്‍ ഇടപെടുന്നതുപോലും ജില്ലയിലെ നേതൃത്വത്തിന് പലപ്പോഴും ഇഷ്ടമായിരുന്നില്ല. പത്തനംതിട്ട ജില്ലയെ പൂർണ്ണമായും എൽ.ഡി.എഫിന് നൽകിയെന്നും അതിന്റെ ഉത്തരവാദികൾ ആരാണെന്ന് ബന്ധപ്പെട്ടവർ കണ്ടെത്തട്ടെയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

അടൂര്‍ പ്രകാശിന് മറുപടിയുമായി പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ് രംഗത്തെത്തി. ഡി.സി.സി ക്ക് വീഴ്ച പറ്റിയിട്ടില്ല. കോന്നി തെരഞ്ഞെടുപ്പ് കമ്മിറ്റിക്കായിരുന്നു പ്രചരണത്തിന്റെ ഏകോപനച്ചുമതല. സീറ്റ് നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ബാബു ജോര്‍ജ് പറഞ്ഞു.