Kerala

കോന്നിയില്‍ ഇടതുമുന്നണി നടത്തിയത് വികസനമല്ല, കബളിപ്പിക്കലായിരുന്നുവെന്ന് അടൂർ പ്രകാശ് എം.പി

കോന്നി മണ്ഡലത്തില്‍ കഴിഞ്ഞ ഒന്നര വർഷക്കാലം ഇടതുമുന്നണി നടത്തിയത് വികസനമല്ല, കബളിപ്പിക്കലായിരുന്നുവെന്ന് അടൂർ പ്രകാശ് എം.പി. ഇടതു മുന്നണിയുടെയും എം.എല്‍.എ ജെനീഷ് കുമാറിന്‍റെയും അവകാശവാദങ്ങൾ സത്യത്തിന് നിരക്കാത്തതാണ്. മെഡിക്കൽ കോളേജ് ആശുപത്രി എന്ന ബോർഡ് മാത്രമേ കോന്നിയില്ലയുള്ളൂവെന്നും പ്രതിപക്ഷ നേതാവ് ഉന്നയിച്ച ഇരട്ട വോട്ട് യാഥാർഥ്യമാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

വാശിയോറിയ മത്സരം നടക്കുന്ന കോന്നി മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പ്രധാന ചര്‍ച്ചയായതോടെയാണ് ഇടതു മുന്നണിക്കെതിരെ അടൂര്‍ പ്രകാശിന്‍റെ വിമര്‍ശനം. താൻ തുടങ്ങി വച്ച പദ്ധതിയുടെ പേരിൽ തെരഞ്ഞെടുപ്പ് കാലത്ത് നേട്ടം കൊയ്യാനാണ് സിറ്റിംഗ് എം.എൽ.എ ജെനീഷ് കുമാര്‍ ശ്രമിക്കുന്നത്. കോന്നി മെഡി.കോളജ് സ്വന്തം നേട്ടമായായാണ് ജെനീഷ് അവതരിപ്പിക്കുന്നതെന്ന് പറഞ്ഞ അടൂര് പ്രകാശ് 2016ൽ കെട്ടിടം പണി പൂർത്തിയായ വിവരം നിയമസഭയിൽ പറഞ്ഞപ്പോൾ തന്നെയും കോന്നിയെയും മന്ത്രി കെ.കെ ശൈലജ അപമാനിച്ചതായും പറഞ്ഞു.

കോന്നി മെഡിക്കൽ കോളേജിൽ പുറംവാതിൽ നിയമനത്തിന് എം.എൽ.എ ശ്രമിക്കുന്നതായി പറഞ്ഞ അടൂർ പ്രകാശ്, പ്രതിപക്ഷ നേതാവ് ഉന്നയിച്ച ഇരട്ടവോട്ട് യാഥാർഥ്യമാണെന്നും വ്യക്തമാക്കി. പല മണ്ഡലങ്ങളിലും ജയപരാജയങ്ങൾ നിർണയിക്കുന്നത് കള്ളവോട്ടാണെന്നും ഉദ്യോഗസ്ഥരെ ഉപയോഗിച്ച് എല്‍.ഡി.എഫ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നത് ആദ്യമല്ലെന്നും വിമര്‍ശിച്ചു.