മാറാവ്യാധികള്‍ മാറ്റാമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്ന് പണം വാങ്ങി തെലങ്കാനയില്‍ നിന്നുള്ള സംഘം മുങ്ങിയതായി പരാതി. കോഴിക്കോട് ജില്ലയിലെ മാവുര്‍, പെരുവയല്‍ പ്രദേശങ്ങളിലുള്ളവരാണ് തട്ടിപ്പിനിരയായാത്. വിവിധയാളുകളില്‍ നിന്നായി 30 ലക്ഷം രൂപയോളം സംഘം തട്ടിയതായാണ് പരാതി.
തെലുങ്കാനയില്‍ നിന്നുള്ള ആദിവാസി വൈദ്യന്‍മാരാണെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. രാജസ്വാമി എന്നയാളുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ഡിസംബര്‍ മുതല്‍ കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ രോഗങ്ങള്‍ മാറ്റിക്കൊടുക്കുമെന്ന വാഗ്ദാനവുമായി ആളുകളെ സമീപിക്കുകയായിരുന്നു.
വനത്തില്‍ നിന്നും ശേഖരിച്ച പച്ചമരുന്നുകള്‍ കൊണ്ടുണ്ടാക്കിയതാണെന്ന് പറഞ്ഞാണ് ഗുളികകളും തൈലവുമുള്‍പ്പെടെ രോഗികള്‍ക്ക് നല്‍കിയിരുന്നത്. ആഴ്ചയില്‍ പല പ്രാവശ്യം വീട്ടില്‍ വന്ന് ചികിത്സ നടത്തിയ സംഘം തുടര്‍ ചികിത്സക്കായി മുന്‍കൂര്‍ പണം വാങ്ങി മുങ്ങുകയായിരുന്നുവെന്നാണ് പരാതി.
മാവുര്‍, പെരുവയല്‍ പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് തട്ടിപ്പിനിരയായത്. 10000 മുതല്‍ ഒരു ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരുണ്ട്. തട്ടിപ്പിനിരയായവര്‍ മാവൂര്‍ പോലീസില് പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്നും പ്രാഥമിക അന്വേഷണം നടക്കുകയാണെന്നുമാണ് പോലീസിന്‍റെ വിശദീകരണം.