India Kerala

ഭൂമിയില്ലാത്തതിന്റെ ദുരിതം പേറി അട്ടപ്പാടിയിലെ ആദിവാസികള്‍

പരമ്പരാഗതമായി ഏക്കര്‍ കണക്കിന് ഭൂമിയുണ്ടെങ്കിലും സ്വന്തം പേരില്‍ ഭൂമിയില്ലാത്തതിന്റെ ദുരിതം അനുഭവിക്കുകയാണ് അട്ടപ്പാടിയിലെ ആദിവാസികള്‍

മറ്റ് ആദിവാസി മേഖലകളില്‍ നിന്നും വിഭിന്നമാണ് അട്ടപ്പാടിയിലെ ആദിവാസി ജീവിതം. മിക്ക ആദിവാസി കുടുംബങ്ങള്‍ക്കും സ്വന്തമായി ഭൂമി ഉണ്ട്. അതിന് പട്ടയവുമുണ്ട്. എന്നാല്‍ ഈ ഭൂമി അടുത്ത തലമുറക്ക് കൈമാറാന്‍ കഴിയില്ല. സര്‍ക്കാരാണ് അവകാശികള്‍ക്ക് ഭൂമി വിഭജിച്ച് നല്‍കേണ്ടത്. ഇതിന് വേണ്ടി നേരത്തെ തന്നെ തഹസില്‍ദാറെ ചുമതലപ്പെടുത്തിയിരുന്നു. മാത്രമല്ല സര്‍വേക്കും റജിസ്‌ട്രേഷനുമുള്ള തുകയും ട്രൈബല്‍ വകുപ്പ് നല്‍കും. എന്നാല്‍ ഭൂമി വിഭജനം മാത്രം നടന്നില്ല. പരമ്പരാഗതമായി ഏക്കര്‍ കണക്കിന് ഭൂമിയുള്ളവരുടെ അനന്തരാവകാശികള്‍ പോലും ഭൂരഹിതരാണ്. ഇതിന്റെ പേരില്‍ ആദിവാസികള്‍ക്ക് സര്‍ക്കാറിന്റെ പല ആനുകൂല്യങ്ങളും ലഭിക്കുന്നുമില്ല.

ആദിവാസി ഭൂമി അന്യാധീനപ്പെടുന്നത് തടയാനാണ് ഭൂമി വിഭജിച്ച് നല്‍കുന്നതിന് സര്‍ക്കാര്‍ ഏജന്‍സികളെ ചുമതലപ്പെടുത്തിയത്. എന്നാല്‍ ഈ സംവിധാനം നോക്കുകുത്തിയായതോടെ നിരവധി കുടുംബങ്ങളാണ് പ്രയാസത്തിലായത്. റവന്യൂ വകുപ്പ് പ്രഥമിക വിവരങ്ങള്‍ ശേഖരിച്ചെങ്കിലും ഭൂമി വിഭജിച്ച് നല്‍കനായിട്ടില്ല. റവന്യൂ വകുപ്പും, പട്ടിക വര്‍ഗ വകുപ്പും സംയുക്തമായി പ്രവര്‍ത്തിച്ചാല്‍ മാത്രമെ ഭൂമി ആദിവാസികള്‍ക്ക് നല്‍കാനാകൂ.