Kerala

പുരാവസ്തു തട്ടിപ്പ് : നിലവിൽ അന്വേഷിക്കുന്നത് മോൻസണിനെതിരായ മൂന്ന് കേസുകളെന്ന് എഡിജിപി

മോൻസണിന്റെ പേരിലുള്ള മൂന്ന് കേസുകളാണ് നിലവിൽ അന്വേഷിക്കുന്നതെന്ന് എഡിജിപി എസ്. ശ്രീജിത്ത്. മൂന്നും സമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസാണ്. മോൻസൺ വ്യാജ ഡോക്ടർ ആണോയെന്ന കാര്യങ്ങളും പരിശോധിക്കും. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. ( adgp sreejith about monson case )

പണമിടപാട് വിവരങ്ങൾ ശേഖരിക്കാൻ കൂടുതൽ സമയം വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ഇതിനായി മോൻസണെ മൂന്നുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെടും. ഇന്ന് കോടതിയിൽ റിമാൻഡ് റിപ്പോർട്ട് നൽകുമ്പോൾ കസ്റ്റഡി അപേക്ഷ കൂടി നൽകും.

പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കൽ നാല് കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് തെളിവ് ലഭിച്ചതായി ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. മോൻസണിന്റെ സഹായികളുടെയും കുടുംബാംഗങ്ങളുടെയും ബാങ്ക് രേഖകൾ ക്രൈംബ്രാഞ്ച് പരിശോധിക്കും. തന്റെ മ്യൂസിയത്തിലുള്ള പുരാവസ്തുക്കൾ വ്യാജമാണെന്ന് ഇന്നലെ തന്നെ ചോദ്യം ചെയ്യലിൽ മോൻസൺ സമ്മതിച്ചിരുന്നു. പരാതിക്കാർ നൽകിയ ഫോൺരേഖ മോൻസണിന്റേത് തന്നൊയണോ എന്ന് സ്ഥിരീകരിക്കാൻ ശബ്ദപരിശോധന നടക്കുകയാണ്. കാക്കനാടുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ചാണ് ശബ്ദശേഖരണം നടത്തുന്നത്.

മോൻസൺ മാവുങ്കൽ 10 കോടി തട്ടിയെടുത്തെന്നാണ് പരാതിക്കാർ ആരോപിച്ചത്. 4 കോടിയുടെ തട്ടിപ്പ് സംബന്ധിച്ച രേഖകളാണ് ക്രൈംബ്രാഞ്ചിന് നിലവിൽ ലഭിച്ചിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് പരിശോധനയിൽ നിന്നാണ് ക്രൈംബ്രാഞ്ചിന് തെളിവുകൾ ലഭിച്ചത്. ബാങ്ക് വഴി കൈപറ്റിയ പണം താൻ വാങ്ങിയിട്ടുണ്ടെന്നും മോൻസൺ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.

എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ മോൻസൺ ചോദ്യം ചെയ്യലിൽ നിഷേധിച്ചു. 10 കോടി രൂപ താൻ ആരിൽ നിന്നും കൈപ്പറ്റിയിട്ടില്ലെന്നും മോൻസൺ ആവർത്തിച്ചു. നാല് കോടിയിലെ വിഹിതം ആഡംബര ജീവിതത്തിനായി ഉപയോഗിക്കാനും ബാക്കി തുക പുരാവസ്തുക്കൾ വാങ്ങാനും വിനിയോഗിച്ചതായി മോൻസൺ സമ്മതിച്ചു. പുരാവസ്തുക്കൾ കാണിച്ച് നടത്തിയ തട്ടിപ്പിൽ മോൻസണെതിരെ വഞ്ചനാക്കുറ്റവും ക്രൈംബ്രാഞ്ച് ചുമത്തിയേക്കും.