India Kerala

അശ്ലീല വീഡിയോക്കായി ഉപയോഗിച്ച കുട്ടികളെ കണ്ടെത്താന്‍ ശ്രമം നടത്തുമെന്ന് എ.ഡി.ജി.പി മനോജ് എബ്രാഹം

അശ്ലീല വീഡിയോ നിര്‍മാണത്തിന് ഇരയാക്കിയ കുട്ടികളെയും പ്രതികളെയും കണ്ടെത്താന്‍ ശ്രമം നടത്തുമെന്ന് സൈബര്‍ഡോം നോഡല്‍ ഓഫീസര്‍ എ.ഡി.ജി.പി മനോജ് എബ്രഹാം. ബിറ്റ് കോയിന്‍ ഉപയോഗം ഉള്‍പ്പെടെ അശ്ലീല ചിത്രങ്ങളുടെ വില്‍ക്കുന്നവരെ കണ്ടെത്തുമെന്ന് എ.ഡി.ജി.പി മീഡിയവണിനോട് പറഞ്ഞു. അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായത്തോടെ സാമൂഹിക മാധ്യമ നിരീക്ഷണം ശക്തമാക്കാനാണ് സൈബര്‍ഡോമിന്‍റെ തീരുമാനം.

പ്രായപൂര്‍ത്തിയാകാത്ത കേരളത്തില്‍ നിന്നുള്ള കുട്ടികളെ അശ്ലീല വീഡിയോ നിര്‍മാണത്തിന് ഉപയോഗിച്ചതായി സൈബര്‍ ഡോം നടത്തിയ പി ഹണ്ട് ഓപറേഷനില്‍ കണ്ടെത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പെണ്‍വാണിഭം നടന്നതായും പൊലീസ് സംശയിക്കുന്നതുണ്ട്. ഇതിന് ഇരയായാവരെ കണ്ടെത്തില്‍ പ്രത്യേക നടപടികള്‍ ഉണ്ടാകുമെന്ന് മനോജ് എബ്രഹാം വ്യക്തമാക്കി. പുതിയ സാങ്കേതിക സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് സൈബര്‍ ലോകത്ത് കുറ്റകൃത്യങ്ങള്‍ നടക്കുന്നത്. ഇത് തടയാന്‍ അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം ഉള്‍പ്പെടെ ഉറപ്പുവരുത്തും.

പി ഹണ്ടിനിടെ പിടിച്ചെടുത്ത മൊബൈല്‍, ലാപ്ടോപ്, ഹാര്‍ഡ് ഡിസ്ക് എന്നിവയിലെ ഡാറ്റ വിശകലനം ചെയ്താകും വിശദമായ അന്വേഷണത്തിലേക്കും കൂടുതല്‍ അറസ്റ്റിലേക്ക് സൈബര്‍ ഡോം കടക്കുക.കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിക്കുന്നത് സംബന്ധിച്ച മീഡിവണ്‍ റിപ്പോര്‍ട്ടിന് പിന്നാലെ നടത്തിയ പി ഹണ്ടിലൂടെ സൈബര്‍ ഡോം കണ്ടെത്തിയത് വിലപ്പെട്ട വിവരങ്ങളാണ്. കൂടുതല്‍ അന്വേഷണണത്തിലേക്ക് കടക്കുമെന്ന് സൈബര്‍ ഡോം നോഡല‍് ഓഫീസര്‍ കൂടിയായ എ.ഡി.ജി.പി മനോജ് എബ്രഹാം ഉറപ്പുനല്‍കുന്നുണ്ട്.