Kerala

നിയമഭേദഗതി ആലോചനയിൽ; സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എഡിജിപി മനോജ് എബ്രഹാം

സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി കേരള പൊലീസ്. നിലവിലുള്ള നിയമത്തിന്റെ പഴുത് മറികടക്കാൻ നിയമഭേദഗതി ആലോചനയിലെന്ന് സൈബർ ഡോം നോഡൽ ഓഫീസർ എഡിജിപി മനോജ് എബ്രഹാം പറഞ്ഞു. കേരള പൊലീസ് ആക്ടിൽ ഭേദഗതി വരുത്തുന്ന കാര്യമാണ് പരിഗണിക്കുന്നതെന്നും മനോജ് എബ്രഹാം ട്വന്റിഫോറിനോട് പറഞ്ഞു.

വ്യക്തികളെ, പ്രത്യേകിച്ച് സ്ത്രീകളെ സൈബർ ഇടങ്ങളിൽ തേജോവധം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം നേരത്തേ ഉയർന്നിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചാൽ നിസഹാകരാകുന്ന അവസ്ഥയാണ് പൊലീസിനെന്നും തെളിവ് സഹിതം കണ്ടിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും പരാതികൾ ഉയർന്നിരുന്നു. ഇതിനിടെയാണ് സൈബർ ആക്രമണങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിക്കുന്നത്.

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മനോജ് എബ്രഹാം പറഞ്ഞു. നിലവിലുള്ള നിയമം ഭേദഗതി ചെയ്യുന്നതോടെ സൈബർ ആക്രമണം നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനാകുമെന്നും മനോജ് എബ്രഹാം പറഞ്ഞു