തിരുവനന്തപുരം ഭരതന്നൂരിൽ 14 വയസുകാരന്‍റെ ദുരൂഹ മരണത്തിൽ ഉത്തരം തേടി പോലീസ് മൃതദേഹ അവശിഷ്ടം പുറത്തെടുക്കുന്നു. മുങ്ങിമരണമെന്ന് ആദ്യം പോലീസ് വിധിയെഴുതിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെയാണ് പത്ത് വർഷം മുൻപുള്ള മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്.
ദുരൂഹമരണത്തിന്റെ സത്യം കണ്ടെത്താൻ വേണ്ടിയാണ് പതിനാലുവയസ്സുകാരനായ ആദര്‍ശിന്റെ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടത്തിനും ഫോറന്‍സിക് പരിശോധനകള്‍ക്കുമായി പുറത്തെടുക്കുന്നത്. മുങ്ങിമരണമെന്ന് പൊലീസ് വിധിയെഴുതിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കൊലപാതകമെന്ന് കണ്ടെത്തിയതോടെയാണ് വിശദ പരിശോധന നടത്താൻ തീരുമാനിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സീനിയർ ഫോറൻസിക് സർജൻ ഡോ.ശശികല, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ. ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ ആദർശ് മരിച്ചത് മർദ്ദനമേറ്റാണെന്നും, മരിച്ചശേഷമാണ് മൃതദേഹം കുളത്തിലിട്ടതെന്നും കണ്ടെത്തി. പ്രതിയെക്കുറിച്ചും അന്വേഷണ സംഘത്തിന് സൂചനകളുമുണ്ട്. അത് ഉറപ്പിക്കാനുള്ള ശാസ്ത്രീയ തെളിവുകളാണ് റീ പോസ്റ്റുമോര്‍ട്ടത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്. കടയ്ക്കൽ താലൂക്ക് ആശുപത്രിയില്‍ നടത്തിയ ആദ്യ പോസ്റ്റുമോര്‍ട്ടത്തില്‍ വിട്ടുകളഞ്ഞ ചില നിര്‍ണായകമായ വിവരങ്ങള്‍ വീണ്ടെടുക്കണം. ഇതിനായാണ് ആദർശിന്റെ മൃതദേഹം പുറത്തെടുത്ത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും പോസ്റ്റ്മോർട്ടം നടത്തുന്നത്. 2009 ഏപ്രിലിലായിരുന്നു പാല്‍ വാങ്ങാന്‍ പോയ ആദര്‍ശിനെ കാണാതായതും പിന്നീട് വീടിനടുത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതും.