Kerala

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടാന്‍ പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടാന്‍ പ്രോസിക്യൂഷന്‍. തെളിവ് ശേഖരണത്തിനും ചോദ്യം ചെയ്യലിനും കൂടുതല്‍ സമയം വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ഈ മാസം 19ന് കേസ് പരിഗണിക്കാനിരിക്കെ വിചാരണാ കോടതിയില്‍ ആവശ്യമുന്നയിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കം. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് തിങ്കളാഴ്ചയാണ് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് എഡിജിപിയോട് രണ്ടുദിവസം മുന്‍പ് വിചാരണാകോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. കേസുമായി ബന്ധപ്പെട്ട അപേക്ഷ കോടതിയില്‍ നിന്ന് ചോര്‍ന്നെന്ന പരാതിയില്‍ ബൈജു പൗലോസിന്റെ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് കോടതി റിപ്പോര്‍ട്ട് തേടിയത്.

കേസിലെ തുടരന്വേഷണ രേഖകള്‍ രഹസ്യമായി സൂക്ഷണിക്കണമെന്ന നിര്‍ദേശം ലംഘിച്ചെന്ന് വിചാരണാ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ബൈജു പൗലോസ് കോടതിയിലെത്തി വിഷയത്തില്‍ വിശദീകരണം നല്‍കിയിരുന്നു. ഇതിലാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്.