നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് തിരിച്ചടി. വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി. ഹൈക്കോടതിയുടെ തീരുമാനത്തിൽ ഇടപെടുന്നത് തെറ്റായ കീഴ്‍വഴക്കം സൃഷ്ടിക്കുമെന്ന് ബെഞ്ച് നിരീക്ഷിച്ചു. ജുഡീഷ്യൽ ഉദ്യാഗസ്ഥയെ സമ്മർദ്ദത്തിലാക്കാൻ ഇത്തരം ഹർജികൾ ഇടയാക്കില്ലേ എന്ന് ചോദിച്ചാണ് കോടതി അതിജീവിതയുടെ ഹര്‍ജി തള്ളിയത്.
വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം, ജഡ്ജിക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്നു വ്യക്തമാക്കി ഹൈക്കോടതിയും മുൻപ് തള്ളിയിരുന്നു. ഇതിനെതിരെയാണ് നടി സുപ്രിം കോടതിയെ സമീപിച്ചത്. ഇപ്പോഴത്തെ ജഡ്ജി വിചാരണ നടത്തിയാല്‍ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തവുമായ വിചാരണ ഉണ്ടാകില്ലെന്ന ആശങ്ക ഉണ്ടെന്നും നടി കോടതിയില്‍ വാദിച്ചിരുന്നു.
വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭര്‍ത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് ലഭിച്ച വോയ്സ് ക്ലിപ്പുകളില്‍ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനു തെളിവു ഹാജരാക്കാനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി ഹൈക്കോടതി തള്ളിയത്.
വിചാരണ കോടതി മാറിയില്ലെങ്കിൽ നീതി കിട്ടില്ലെന്ന് അതിജീവിത കോടതിയിൽ വ്യക്തമാക്കി. വിചാരണ കോടതി ജഡ്ജിയുടെ ഭർത്താവും, പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നതിന് തെളിവായി സമർപ്പിച്ച ഓഡിയോ ക്ലിപ്പിന് അധികാരികതയില്ലെന്ന ഹൈക്കോടതി കണ്ടെത്തൽ തെറ്റാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അനധികൃതമായി ആക്‌സസ് ചെയ്തു എന്നു പറഞ്ഞുകൊണ്ടുള്ള കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് പരിഗണിയ്ക്കുന്നതിൽ വിചാരണാ കോടതി ജഡ്ജിയ്ക്ക് വീഴ്ച പറ്റി. ഇത് കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ബൈജു കെ. പൗലോസ് ഈ റിപ്പോര്‍ട്ട് പിടിച്ചെടുക്കുകയാണ് ചെയ്തതെന്നും അതിജീവിത ആരോപിച്ചു.