Kerala

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ഹര്‍ജി ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജിയിലും കേസ് അട്ടിമറിയാരോപണം ഉന്നയിച്ച് അതിജീവിത നല്‍കിയ ഹര്‍ജിയിലും ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കേന്ദ്ര ലാബില്‍ പരിശോധിച്ചുകൂടെയെന്ന് കഴിഞ്ഞ തവണ ഹര്‍ജികളില്‍ വാദം കേള്‍ക്കവെ കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞിരുന്നു.

കേന്ദ്ര ലാബില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കരുതെന്നാണ് അതിജീവിതയും പ്രോസിക്യൂഷനും വാക്കാല്‍ കോടതിയിലെടുത്ത നിലപാട്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂവില്‍ മാറ്റമുണ്ടെങ്കിലും ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്ന് കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു. മെമ്മറി കാര്‍ഡില്‍ വീണ്ടും പരിശോധന നടത്തുന്നത് തുടരന്വേഷണം വൈകിപ്പിക്കാനാണെന്നാണ് ദിലീപിന്റെ വാദം.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് നടന്‍ സിദ്ദിഖിന്റെ മൊഴിയെടുത്തിരുന്നു. ഒന്നാം പ്രതിയായ പള്‍സര്‍ സുനി ദിലീപിന് നല്‍കാനെന്ന പേരില്‍ നല്‍കിയ കത്തിനെക്കുറിച്ചാണ് സിദ്ദിഖിന്റെ മൊഴിയെടുത്തത്. ആലുവ അന്‍വര്‍ ആശുപത്രി ഉടമ ഡോ. ഹൈദരാലിയെയും ചോദ്യം ചെയ്തു. പ്രോസിക്യൂഷന്‍ സാക്ഷിയായ ഹൈദരലി വിചാരണഘട്ടത്തില്‍ കൂറുമാറിയിരുന്നു. ദിലീപിന്റെ സഹോദരീഭര്‍ത്താവ് സുരാജ് സിദ്ദിഖിനെ മൊഴി മാറ്റാന്‍ പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത് വന്നിരുന്നു.

ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും, പക്ഷേ എന്നും കൂടെ നില്‍ക്കുമെന്നും സിദ്ദിഖ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അഭിമുഖം നല്‍കിയപ്പോള്‍ പറഞ്ഞിരുന്നു. ഇതില്‍ വ്യക്തത വരുത്താന്‍ കൂടിയായിരുന്നു ചോദ്യം ചെയ്യല്‍. ദിലീപും സിദ്ദിഖുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പള്‍സര്‍ സുനിയുടേതെന്ന് പറയുന്ന കത്തിലുണ്ടായിരുന്നു.