Kerala

സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കണമെന്ന ദിലീപ്; നടിയെ ആക്രമിച്ച കേസ് സുപ്രിംകോടതിയില്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും. ജസ്റ്റിസ് ദിനേശ് മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ച് 12ാം ഇനമായാണ് കേസ് കേള്‍ക്കുക. സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കണമെന്ന ദിലീപിന്റെ അപേക്ഷ ഇന്ന് കോടതിക്ക് മുന്നിലെത്തും. നടി മഞ്ജുവാര്യരെയും കാവ്യാമാധവന്റെ മാതാപിതാക്കളെയും വിസ്തരിയ്ക്കാനുള്ള പ്രോസിക്യൂഷന്‍ നീക്കം തടയണമെന്ന് സത്യവാങ്ങ്മൂലത്തില്‍ ദിലീപ് ആവശ്യപ്പെട്ടു.

കേസില്‍ തെളിവുകളുടെ വിടവ് നികത്താനാണ് പ്രോസിക്യൂഷന്‍ ശ്രമമെന്നാണ് ദിലീപ് ചൂണ്ടിക്കാട്ടുന്നത്. ദിലീപിന്റെ വാദങ്ങളെ ശക്തമായ് എതിര്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. തെളിവുകളുടെ വിടവ് നികത്താനല്ല ഇരയ്ക്ക് നീതി ഉറപ്പിയ്ക്കാനാണ് ശ്രമമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മഞ്ജുവാര്യരെ വിസ്തരിയ്‌ക്കേണ്ടത് അനിവാര്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിക്കുന്നു.

മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോത്തഗി, സിദ്ധാര്‍ഖ് ദേവ്, ഫിലിപ്പ് ടി വര്‍ഗീസ്, എം ഒ ആര്‍ രഞ്ജീത റോത്തഗി എന്നിവരാണ് ദിലീപിന് വേണ്ടി ഇന്ന് കോടതിയില്‍ ഹാജരാകുക. സംസ്ഥാനസര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ രണ്‍ജിത് കുമാറും സ്റ്റാന്റിംഗ് കൗണ്‍സില്‍ നിഷേ രാജന്‍ ഷോന്‍കറും ഹാജരാകും.