Kerala

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യല്‍. ക്രൈാംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. നടിയെ ആക്രമിച്ച ദൃശ്യം ദിലീപിന്റെ കൈവശമുണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.
ബാലചന്ദ്രകുമാറിന്റെ മൊഴിയെക്കുറിച്ച് തനിക്കറിയില്ലെന്നും സാക്ഷികളെ ഒരു തരത്തിലും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് ദീലീപ് അന്വേഷണ സംഘത്തോട് പറഞ്ഞത്. ആലുവ പൊലീസ് ക്ലബ്ബിലാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരതിനെ ക്രൈംബ്രാഞ്ച് ഇപ്പോള്‍ ചോദ്യം ചെയ്യുകയാണ്. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുകയാണ്. വധഗൂഡാലോചനാ സമയത്ത് ശരത്തും ഉണ്ടായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കളമശേരി ക്രൈംബ്രാഞ്ച് ഓഫിസില്‍ ചോദ്യം ചെയ്യല്‍.

തുടരന്വേഷണം ആരംഭിച്ച് രണ്ടര മാസങ്ങള്‍ക്ക് ശേഷമാണ് ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. പ്രതികളുടെയും സാക്ഷികളുടെയും മൊഴികളും മറ്റ് തെളിവുകളും സ്വീകരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യല്‍ പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിച്ചിരുന്നു,

ദിലീപിന്റെ ഫോണില്‍ നിന്ന് നീക്കം ചെയ്ത ചില വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അടക്കമുള്ള രേഖകള്‍ ലഭിച്ചതായി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വീണ്ടെടുക്കാന്‍ കഴിയാത്ത വിധം രേഖകള്‍ നശിപ്പിക്കാന്‍ ദിലീപ് ആവശ്യപ്പെട്ടെന്ന് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഫോണില്‍ നിന്ന് വീണ്ടെടുക്കാനുള്ള ചില നിര്‍ണായക രേഖകള്‍ നഷ്ടമായെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. ഈ രേഖകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.