Kerala

നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. കേസിൽ എട്ട് സാക്ഷികളെ വിസ്തരിക്കാൻ കോടതി അനുമതി നൽകി. പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കോടതി സാക്ഷി വിസ്താരത്തിന് അനുമതി നൽകിയത്. ( actress attack case dileep faces set back )

വിസ്തരിക്കാൻ അനുമതി ലഭച്ച എട്ട് സാക്ഷികളിൽ അഞ്ച് പേർ പുതിയ സാക്ഷികളാണ്. മൂന്ന് പേരെ വീണ്ടും വിസ്തരിക്കും. പ്രതികളുടെ കസ്റ്റമർ ആപ്ലിക്കേഷൻ ഫോം പരിശോധിക്കണമെന്ന ആവശ്യവും അനുവദിച്ചിട്ടുണ്ട്. ദിലീപിന്റെ ഫോൺ രേഖകളും വിളിച്ചുവരുത്താമെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, കേസിൽ പത്ത് ദിവസത്തിനകം പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിചാരണക്കോടതിയുടെ നടപടികളിൽ പ്രതിഷേധിച്ച് ഡിസംബറിൽ കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവച്ചിരുന്നു. ഇത് രണ്ടാം തവണയാണ് പ്രോസിക്യൂട്ടർ രാജിവയ്ക്കുന്നത്. നേരത്തെയും സമാന കാരണത്താൽ പ്രോസിക്യൂട്ടർ രാജി സമർപ്പിച്ചിരുന്നു.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിനെ ചോദ്യം ചെയ്യും. അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാകും ചോദ്യം ചെയ്യൽ. സംവിധായകൻ ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞ മൂന്ന് പേരുടെ ശബ്ദ സാമ്പിളുകൾ ഉടൻ പരിശോധനയ്ക്ക് അയക്കും.

കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം വിപുലപ്പെടുത്തിയിട്ടുണ്ട്. ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞ മൂന്ന് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്.കേസിൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ തുടർ നീക്കങ്ങൾ നടത്താവുവെന്ന നിർദേശമാണ് അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥർ നൽകിയിട്ടുള്ളത്. ഇതു സംബന്ധിച്ച കേസുകൾ വരും ദിവസങ്ങളിൽ കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ ധൃതി പിടിച്ചുള്ള നീക്കങ്ങൾ വേണ്ടെന്ന നിർദേശവും ക്രൈംബ്രാഞ്ചിന് നൽകിയെന്നാണ് വിവരം.