Kerala

നടിയെ ആക്രമിച്ച കേസ്; സാക്ഷി വിസ്താരത്തിന് 10 ദിവസം കൂടി അനുവദിച്ചു

നടിയെ ആക്രമിച്ച കേസില്‍ സാക്ഷിവിസ്താരത്തിന് 10 ദിവസം കൂടി ഹൈക്കോടതി നീട്ടി നൽകി. പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. നേരത്തെ ജനുവരി 26 വരെ ആയിരുന്നു സമയം അനുവദിച്ചിരുന്നത്. എന്നാൽ അത് പ്രായോഗികമല്ലെന്നായിരുന്നു സർക്കാരിന്റെ വാദം.

അതേ സമയം, നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ഇന്ന് പരിഗണിക്കാനിരുന്ന ഹർജികൾ വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിനെതിരെയുള്ള ദിലീപിന്‍റെ കോടതി അലക്ഷ്യ ഹർജിയാണ് മാറ്റിവച്ചവയിലൊന്ന്.

ഇതിനിടെ ശാസ്ത്രീയ പരിശോധന ഫലങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യങ്ങളും ഇന്ന് ഉണ്ടാകും. കഴിഞ്ഞ ദിവസം അവസാന രണ്ട് മണിക്കൂർ ദിലീപിനെ ഒറ്റക്കിരുത്തി എസ് പി മോഹന ചന്ദ്രൻ ചോദ്യം ചെയ്തിരുന്നു. റാഫി അടക്കമുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിരിന്നു ദിലിപീനോടുള്ള ചോദ്യങ്ങൾ.രണ്ട് ദിവസങ്ങളിലായി 22 മണിക്കൂറാണ് പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.

അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഫലപ്രദമായി മുന്നോട്ടുപോകുകയാണെന്നും തുടരന്വേഷണം പൂർത്തിയാകുന്നതുവരെ വിചാരണ നടപടികൾ നിർത്തി വയ്ക്കുന്നതാണ് നീതിയുക്തമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അറിയിച്ചിട്ടുണ്ട്. സാക്ഷികളുടെ വിസ്താരം 10 ദിവസത്തിനകം പൂർത്തിയാക്കണമെന്നായിരുന്നു നേരത്തെ ഹൈക്കോടതി ഉത്തരവിട്ടത്.