Kerala

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയെ നേരിട്ട് വിസ്തരിക്കണമെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ രണ്ടാം ദിവസവും സാക്ഷി വിസ്താരത്തിന് ഹാജരായി. എറണാകുളം പ്രിൻസിപ്പൽ സെക്ഷൻ കോടതിയിലാണ് ഹാജരായത്. കേസിൽ പ്രോസിക്യൂഷൻ വിസ്താരം കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ പൾസർ സുനിയെ നേരിട്ട് വിസ്തരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വീഡിയോ കോൺഫറൻസിങ്ങിന് എതിരെ പൾസർ സുനി നൽകിയ ഹർജിയിൽ ആണ് ഹൈക്കോടതി ഉത്തരവ്.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ ഡിജിറ്റൽ തെളിവുകളുടെ ആധികാരികത തെളിയിക്കാനായാണ് മഞ്ജു വാര്യരെ കേസിൽ വീണ്ടും വിസ്തരിക്കുന്നത്. പ്രോസിക്യൂഷന്റെ വിസ്താരം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. തുടർ വിസ്താരത്തിനായി മഞ്ജു വാര്യർ രണ്ടാം ദിവസവും കോടതിയിൽ ഹാജരായി. പ്രതി ഭാഗത്തിന്റെ ക്രോസ് വിസ്ഥാരമാണ് ഇനി നടക്കുക. നടിയെ ആക്രമിക്കാൻ ദിലീപും സഹോദരൻ അനൂപും ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തുന്നതിന്റെ ശബ്ദരേഖകൾ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.

ഈ ശബ്ദ രേഖകൾ ദിലീപിന്റെത് തന്നെയാണോ എന്ന് ഉറപ്പാക്കുന്നതിന് കുടി വേണ്ടിയാണ് വിസ്താരം. കേസിൽ പതിനൊന്നാം സാക്ഷിയാണ് മഞ്ജു വാര്യർ. അതിനിടെ നടിയെ അക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയെ വിചാരണാദിവസങ്ങളിൽ കോടതിയിൽ നേരിട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. വിചാരണ നടപടികൾക്കായി തന്നെ വീഡിയോകോൺഫറൻസിംങ് വഴി ഹാജരാക്കുന്നത് ചോദ്യം ചെയ്ത പൾസർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. സാക്ഷി വിസ്താര വേളയിൽ സുനിൽകുമാറിന്റെ നേരിട്ടുള്ള സാന്നിധ്യം കോടതിയിൽ ഉറപ്പാക്കണമെന്ന് പ്രോസിക്യൂഷനോട് കോടതി നിർദേശിച്ചു.