Kerala

ചലച്ചിത്ര മേള ഉദ്ഘാടനത്തിനില്ലെന്ന് സലിം കുമാര്‍

ഐഎഫ്എഫ്കെ കൊച്ചി എഡിഷനിലെ ഉദ്ഘാടന ചടങ്ങിൽ നടൻ സലിം കുമാർ പങ്കെടുക്കില്ല. മേളയുടെ തിരി തെളിയിക്കേണ്ടവരുടെ പട്ടികയിൽ ദേശീയ അവാർഡ് ജേതാവ് കൂടിയായ സലിം കുമാറിനെ ഉൾപ്പെടുത്തിയിരുന്നില്ല. നടപടി വിവാദമായതിനെ തുടർന്ന് ഉദ്ഘാടന ചടങ്ങിൽ സലിം കുമാർ ഉണ്ടാകുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ വ്യക്തമാക്കിയിരുന്നു. എന്നാൽ കമൽ വിളിച്ചത് വിവാദമായ ശേഷമാണെന്നും ചടങ്ങിൽ പങ്കെടുത്താൽ പിന്തുണ നൽകിയവരോട് ചെയ്യുന്ന വഞ്ചനയാകുമെന്നും സലിം കുമാർ പ്രതികരിച്ചു.

എന്നെ മാറ്റിനിര്‍ത്തിയത് ആരുടെയൊക്കെയോ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ്. അത് സംരക്ഷിക്കപ്പെടട്ടെ. ഞാനൊന്ന് അറിയാന്‍ വേണ്ടി വിളിച്ചതാണ് എന്തുകൊണ്ട് എന്നെ ഒഴിവാക്കിയെന്ന്. മാധ്യമങ്ങളിലൊക്കെ വാര്‍ത്ത വന്ന ശേഷമാണ് എന്നെ വിളിച്ചത്. ഒരാഴ്ച മുന്‍പേ ചടങ്ങില്‍ പങ്കെടുക്കേണ്ടവരുടെ കാര്യത്തില്‍ ധാരണയായിരുന്നു. അന്ന് എന്‍റെ കാര്യം യോഗത്തില്‍ പങ്കെടുത്ത അമ്മ പ്രതിനിധി ടിനി ടോം ചോദിച്ചിരുന്നു. അന്ന് തൊടുന്യായം പറഞ്ഞ് അവര്‍ പേര് തള്ളി. ഇനി പങ്കെടുത്താല്‍ എന്നെ പിന്തുണച്ചവരോടുള്ള വഞ്ചനയാകും.

സലിം കുമാര്‍

കൊച്ചിയില്‍ നടക്കുന്ന ചലച്ചിത്ര മേളയുടെ തിരി തെളിയിക്കേണ്ടവരുടെ പട്ടികയിൽ ദേശീയ അവാർഡ് ജേതാവായ സലിം കുമാറിനെ ഉൾപ്പെടുത്തിയില്ലെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. ദേശീയ അവാർഡ് ജേതാക്കളെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കുകയെന്ന പതിവ് സംഘാടകർ അട്ടിമറിച്ചെന്നും രാഷ്ട്രീയമാണ് ഇതിന് പിറകിലെന്നുമാണ് സലിം കുമാർ പ്രതികരിച്ചത്.

‘സംഘാടകരെ വിളിച്ചപ്പോള്‍ ആദ്യം ലഭിച്ച പ്രതികരണം തനിക്ക് പ്രായക്കൂടുതല്‍ ആയതുകൊണ്ടാണ് മേളയിലേക്ക് ക്ഷണിക്കാതിരുന്നത് എന്നാണ്. പക്ഷേ മേളയുടെ തിരി തെളിയിക്കുന്ന ആഷിഖ് അബുവും അമല്‍ നീരദും എന്‍റെ ഒപ്പം മഹാരാജാസില്‍ പഠിച്ചതാണ്. ഇക്കാര്യം പറഞ്ഞപ്പോള്‍ തിരിച്ചുവിളിക്കാം എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. പിന്നീട് സംഘാടകരില്‍ തന്നെയുള്ള മറ്റൊരാള്‍ തിരിച്ചു വിളിച്ച് നാളെ പങ്കെടുക്കാന്‍ കഴിയുമോ എന്ന് ചോദിച്ചു. വിവാദമായപ്പോൾ വേണമെങ്കിൽ വന്ന് കത്തിച്ചോ എന്ന പോലെയാണ് വിളിച്ചു ചോദിച്ചത്. ഒഴിവാക്കിയത് കോൺഗ്രസുകാരനായത് കൊണ്ടുതന്നെയാണ്. അവിടെ നടക്കുന്നത് സി.പി.എം മേളയാണ്. അവരോട് അനുഭാവമുള്ളവരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്താന്‍ ആണ് ഉദ്ദേശിക്കുന്നത്. അല്ലാത്തവരെ പുറത്താക്കും. അതിന് ഓരോ ന്യായീകരണങ്ങള്‍ പറയുകയും ചെയ്യും. എന്തുവന്നാലും മരിക്കും വരെ കോൺഗ്രസുകാരനായിരിക്കും. എന്തെങ്കിലും നേട്ടങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടി മാറാനോ ആശയങ്ങളില്‍ വെള്ളം ചേര്‍ക്കാനോ തയ്യാറല്ല’

സലിം കുമാറിനെ കൊണ്ട് ആരെങ്കിലും പറയിച്ചതാണോ എന്ന് അറിയില്ലെന്നായിരുന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന്‍റെ പ്രതികരണം. സലിം കുമാറിനെ വിളിച്ച് സംസാരിക്കും. വിഷമമുണ്ടെങ്കിൽ നേരിട്ട് സംസാരിച്ച് തീർക്കും. വിളിക്കേണ്ടവരുടെ പട്ടികയിൽ സലിം കുമാർ ഉണ്ടായിരുന്നു. വിളിക്കാൻ വൈകിയിട്ടുണ്ടോ എന്ന് അറിയില്ല. സലിം കുമാറിനെ ഒഴിവാക്കി മേള നടത്തില്ലെന്നും കമല്‍ പറയുകയുണ്ടായി. പക്ഷേ പങ്കെടുക്കാനില്ലെന്നാണ് സലിം കുമാറിന്‍റെ പ്രതികരണം.