യു.ഡി.എഫ് സ്ഥാനാർഥി അരിതാ ബാബുവിന് കെട്ടിവെക്കാനുള്ള കാശ് നടൻ സലീംകുമാർ നല്‍കി. അരിതാ ബാബു മത്സരിക്കുന്ന കായംകുളത്തെത്തിയാണ് താരം തുക കൈമാറിയത്. കോൺഗ്രസ് പ്രവർത്തകർക്കൊപ്പം നാമനിർദേശപത്രിക സമർപ്പണത്തിലും സലീം കുമാര്‍ പങ്കെടുത്തു. മുതുകളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് അരിതാ ബാബു പത്രിക സമര്‍പ്പിച്ചത്.
അരിതക്ക് വിജയാശംസകൾ നേർന്ന സലീം കുമാര്‍ പ്രവർത്തകർക്ക് നിർദേശങ്ങൾ കൂടി നൽകിയതിന് ശേഷമാണ് കായംകുളത്ത് നിന്ന് മടങ്ങിയത്. അരിതാ ബാബുവിന്‍റെ സ്ഥാനാർഥിത്വത്തെ തുടർന്ന് പാർട്ടി വിടുമെന്ന് പ്രഖ്യാപിച്ച കെ.പി.സി.സി നേതാക്കളും പത്രികസമർപ്പണത്തിനെത്തിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് അരിതാ ബാബു. എല്ലാ അര്‍ത്ഥത്തിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുടുംബത്തിലെ അംഗമാണ് അരിതയെന്നായിരുന്നു പേര് പ്രഖ്യാപിച്ച്‌കൊണ്ട് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്. അവര് പോറ്റുന്ന പശുവിന്‍റെ പാല്‍ വിറ്റാണ് ഇവരുടെ കുടുംബം ജീവിക്കുന്നത്. അവശേഷിക്കുന്ന സമയം സാമൂഹിക രാഷ്ട്രീയത്തിന് വേണ്ടി ചെലവഴിക്കുകയും ചെയ്യുന്ന മാതൃക പെണ്‍കുട്ടിയാണ് അരിതയെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ വാക്കുകള്‍.15 വർഷത്തോളമായി വിദ്യാർഥി–യൂത്ത് കോൺഗ്രസ് പ്രവർത്തനരംഗത്ത് സജീവമാണ് അരിത.






