സംസ്ഥാനത്തെ റോഡുകളില്‍ മഴക്കാലപൂര്‍വ അറ്റകുറ്റപ്പണികളില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. തേവര-കുണ്ടന്നൂര്‍ പാലത്തിലെ കുഴി മൂലമുണ്ടായ അപകടത്തില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ മരിച്ച സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ ദിവസം രാത്രിയാണ് തേവര- കുണ്ടന്നൂര്‍ പാലത്തിലുണ്ടായ അപകടത്തില്‍ മംഗളൂരു സ്വദേശി ശരത്ത് മരിച്ചത്. രാത്രി ബൈക്കിലെത്തിയ എതിരെ വന്ന ബൈക്ക് കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാലത്തില്‍ പല ഭാഗത്തും ടാറിളകിക്കിടന്നതും കുഴികളും ഇളകിയ ടാര്‍ കട്ടപിടിച്ചുണ്ടായ കൂനയുമാണ് അപകടത്തിന് കാരണമായത്.
ജനപ്രതിനിധികള്‍ ഇടപെട്ടതോടെ ശനിയാഴ്ച വൈകീട്ട് പാലത്തിലെ കുഴികള്‍ ദേശീയ പാത വിഭാഗം അടച്ചു. ഇതും പലയിടത്തും ഇളകിപ്പോയി. പണിയിലെ പിഴവ് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് മന്ത്രി നേരിട്ടെത്തി പരിശോധന നടത്തിയത്. മഴക്കാലത്തിന് മുന്‍പ് അടിയന്തരമായി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു.