രാമനാട്ടുകര കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. ശൂന്യവേളയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കും. പ്രധാന പ്രതി അര്‍ജുന്‍ ആയങ്കിയുടെ കൂട്ടുകാരനും നിര്‍ണായക സാക്ഷിയുമായ അരീക്കോട് സ്വദേശി റമീസിന്റെ അസ്വാഭാവിക മരണത്തില്‍ ദുരൂഹത ആരോപിച്ചാണ് നോട്ടിസ്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങള്‍ ചോദ്യോത്തര വേളയില്‍ ഉന്നയിക്കുന്നുണ്ട്. കൊവിഡ് മരണ നിരക്കിലെ അവൃക്തതകള്‍ക്ക് ആരോഗ്യമന്ത്രി മറുപടി നല്‍കും. അതേസമയം ഇന്നേ ദിവസത്തെ നിയമസഭാ സമ്മേളനം ആരംഭിച്ചു. ചോദ്യോത്തര വേള പുരോഗമിക്കുകയാണ്.
ആറ് ദിവസം മുന്‍പാണ് റമീസിന്റെ മരണം നടന്നത്. മൂന്നു നിരത്തു സ്വദേശിയാണ്. സന്ധ്യയോട് കൂടിയാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന കാറില്‍ റമീസ് ഓടിച്ച ബൈക്ക് വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റമീസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെയായിരുന്നു മരണം. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ അടുത്ത സുഹൃത്തായ റമീസ്. അപകടം നടന്ന സമയത്ത് ഓടിച്ചിരുന്ന ബൈക്ക് അര്‍ജുന്റെ ഉടമസ്ഥതയിലുള്ളതാണ്.
സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിക്കൊപ്പം റമീസിനും ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ വീട്ടില്‍ കസ്റ്റംസ് നേരത്തെ റെയ്ഡ് നടത്തിയിരുന്നു. കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാവശ്യപ്പെട്ട് റമീസിന് നോട്ടിസും നല്‍കിയിരുന്നു.