Kerala

രണ്ടര വയസ്സുകാരൻ സ്കൂൾ ബസ്സ്‌ തട്ടി മരിച്ചു; സഹോദരനെ സ്കൂൾ ബസ്സിൽ നിന്ന് ഇറക്കുന്നതിനിടെയാണ് അപകടം

തിരുവനന്തപുരത്ത് രണ്ടര വയസ്സുകാരൻ സ്കൂൾ ബസ്സ്‌ തട്ടി മരിച്ചു. നെയ്യാറ്റിൻകര കീഴാരൂരിലാണ് സംഭവം നടന്നത്. പെരുങ്കടവിള സ്വദേശി അനീഷിന്റെ മകൻ വിഘ്‌നേഷ് ആണ് മരിച്ചത്. സഹോദരനെ സ്കൂൾ ബസ്സിൽ നിന്ന് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഒരാഴ്ച്ച മുമ്പ് മലപ്പുറത്ത് ബൈക്കിന് മുകളിലേക്ക് സ്കൂൾ ബസ് മറിഞ്ഞും ആറു വയസുകാരി മരിച്ചിരുന്നു. മലപ്പുറം കൊണ്ടോട്ടി, ആന്തിയൂർ കുന്നിൽ സ്കൂൾ ബസ് ബൈക്കിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ മുത്തച്ഛനൊപ്പം ബൈക്കിൽ സഞ്ചരിച്ച ആറുവയസ്സുകാരി ഹയാ ഫാത്തിമയാണ് മരിച്ചത്.

പുളിക്കൽ നോവൽ സ്കൂളിന്റെ ബസാണ് അപകടത്തിൽ പെട്ടത്. ബസിന്റെ നിയന്ത്രണം വിട്ടാണ് ബൈക്കിനു പുറത്തേക്ക് വീണത്. ഈ ബസിൽ നിരവധി വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. വിദ്യാർത്ഥികളെ എല്ലാം തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ബൈക്കിൽ ഉണ്ടായിരുന്ന കുട്ടിയാണ് മരിച്ചത്. കുട്ടിയേയും ഒപ്പം തന്നെ കുട്ടിയുടെ മുത്തച്ഛനെയും കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിട്ടുണ്ടായിരുന്നത്. മുത്തച്ഛൻ കാര്യമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടിരുന്നു.