India Kerala

കുറവിലങ്ങാട് തടിലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

കോട്ടയം കുറവിലങ്ങാടിനു സമീപം കാളികാവിൽ നിയന്ത്രണം വിട്ട കാർ തടിലോറിയിൽ ഇടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. മരച്ചവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. ലോട്ടറി കച്ചവടക്കാരനായ കോട്ടയം വേളൂര്‍ ആല്‍ത്തറവീട്ടില്‍ തമ്പി (70), ഭാര്യ വത്സല, മരുമകള്‍ പ്രഭ, മകന്‍ വേളൂര്‍ ഉള്ളത്തില്‍പ്പടിയില്‍ അര്‍ജുന്‍ പ്രവീണ്‍(19), പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്. എറണാകുളം ഭാഗത്തു നിന്നും വരികയായിരുന്ന കാർ, എതിർദിശയിൽ നിന്നും എത്തിയ തടി ലോറിയിൽ ഇടിക്കുകയായിരുന്നു.

കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തിന് ശേഷം പതിനഞ്ച് മിനുട്ടോളം പരിശ്രമിച്ചാണ് കാറിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. അപകടത്തിൽ മരിച്ചവരെല്ലാം ഒരു കുടുംബത്തിൽ നിന്നുള്ളവരാണെന്നാണ് സൂചന. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം.