India Kerala

നെല്ലുല്പാദനത്തില്‍ നേട്ടം; ചെലവിനനുസരിച്ച് വിലയില്ല

നെല്‍ കൃഷി മേഖലക്ക് പുത്തനുണര്‍വ് പകരാന്‍ കൃഷി വകുപ്പിന് സാധിച്ചെന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് ഏറെക്കുറെ യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടുന്നതാണ്. കൃഷി ചെയ്യുന്ന ഭൂമിയുടെ അളവില്‍ വലിയ വ്യത്യാസമുണ്ടായില്ലെങ്കിലും ഇരുപ്പു കൃഷിയുള്‍പ്പെടെയുള്ള കൃഷി രീതികളിലൂടെ നെല്ലുല്‍പ്പാദനം കൂടി. അതേസമയം നെല്‍വയല്‍ -തണ്ണീര്‍ തട സംരക്ഷണ നിയമത്തിലെ ഭേദഗതി നെല്‍കൃഷിക്കുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഒന്നും പരാമര്‍ശിക്കുന്നില്ല.

കാര്‍ഷിക മേഖലയോട് അനുഭാവപൂര്‍ണമായ സമീപനം ഇടക്കാലത്ത് പൊതുസമൂഹത്തില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. ഈ മനോഭാവത്തിന് ആക്കം കൂട്ടുന്നത് തന്നെയായിരുന്നു സംസ്ഥാന കൃഷി വകുപ്പിന്റെ ചുവടുകള്‍. പ്രത്യേകിച്ച് നെല്‍കൃഷിയില്‍, തരിശ് നിലങ്ങളില്‍ വിളവിറക്കലും കൊയ്തുത്സവങ്ങളുമായി പാടങ്ങള്‍ സജീവമായപ്പോള്‍ കൃഷിവകുപ്പ് പരമാവധി സഹായങ്ങളുമായി ഒപ്പം നിന്നു. അപ്രതീക്ഷിതമായി വന്ന പ്രളയം പ്രതീക്ഷകളെ തകിടം മറിച്ചെങ്കിലും വിട്ടു കൊടുക്കാന്‍ കര്‍ഷകര്‍ തയ്യാറായിരുന്നില്ല. പ്രളയ മേഖലകളില്‍ പോലും പാടങ്ങള്‍ വീണ്ടും കതിരണിഞ്ഞു. ഉത്പാദന ചെലവിന് ആനുപാതികമായി വില ലഭിക്കുന്നില്ലെന്ന പരാതികള്‍ക്കിടയിലും.

ഇനിയൊരു ഇഞ്ച് പാടം പോലും നികത്താനില്ലെന്ന പൊതു സമൂഹത്തിന്റെ തിരിച്ചറിവിനെ തുടര്‍ന്ന് വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍ തീര്‍ത്തട സംരക്ഷണ നിയമത്തിന്റ അന്തസത്ത ചോര്‍ത്തി കളയുന്നതായിരുന്നു പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതി. ഭേദഗതിയുടെ ചുവട് പിടിച്ച് നെല്‍വയലുകള്‍ നികത്താനുള്ള ആയിരക്കണക്കിന് അപേക്ഷകളാണ് സംസ്ഥാനത്തെ ആര്‍.ഡി.ഒ ഓഫീസുകളില്‍‌ എത്തിക്കൊണ്ടിരിക്കുന്നത്. ഈ യാഥാര്‍ത്ഥ്യത്തെ വിസ്മരിച്ചു കൊണ്ടാണ് പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറങ്ങിയിരിക്കുന്നത്.