ഖത്തർ വ്യവസായി എം പി കെ അഹമ്മദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ദോഹയിലെ മലയാളി പ്രവാസി സംരംഭകർ. അഹമ്മദുമായി അടുപ്പമുള്ള ഖത്തറിലെ പലർക്കും ഭീഷണി സന്ദേശങ്ങൾ വന്നിരുന്നതായും വ്യവസായികൾ ആരോപിച്ചു.
തൂണേരി സ്വദേശിയും ഖത്തറിലെ പ്രവാസി വ്യവസായിയുമായ അഹമ്മദിനെ തട്ടിക്കൊണ്ടുപോയവർ വിട്ടയച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ബന്ധുക്കളും അടുപ്പമുള്ള മറ്റ് വ്യവസായികളും ദോഹയിൽ വാർത്താസമ്മേളനം നടത്തിയത്. നേരത്തെ അഹമ്മദിന്റെ ദോഹയിലെ കമ്പനിയിൽ പ്രവർത്തിച്ചിരുന്ന പയ്യോളി സ്വദേശിയാണ് സംഭവത്തിന് പിന്നിലെന്ന് വ്യവസായികൾ ആരോപിച്ചു. നാട്ടിൽ പോയ അഹമ്മദിനെ തട്ടികൊണ്ടുപോകാൻ പയ്യോളി സ്വദേശിയുടെ നേതൃത്വത്തിൽ ക്വട്ടേഷൻ കൊടുക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
അഹമ്മദിനെ തട്ടിക്കൊണ്ടു പോയതിന് പിന്നാലെ അദ്ദേഹവുമായി ബന്ധപ്പെട്ട വ്യവസായികൾക്ക് മൊബൈലിൽ ഭീഷണി സന്ദേശങ്ങൾ വന്നിരുന്നു. ദോഹയിലെ ഇന്ത്യൻ എംബസിയിൽ പരാതി നൽകിയതിനെ തുടർന്നാണ് പിന്നീട് ഭീഷണികൾ നിലച്ചത്.
അഹമ്മദിന്റെ ഖത്തറിലുള്ള സഹോദരങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പയ്യോളി സ്വദേശി പ്രചരിപ്പിക്കുന്നത്. ഇത് വാസ്തവവിരുദ്ധമാണെന്ന് സഹോദരങ്ങളായ അസീസ്, അഷ്റഫ് എന്നിവരും പറഞ്ഞു. ദോഹയിലെ സംരംഭകരായ ഇസ്മായിൽ തെനങ്കാലിൽ, എൻ.കെ. മുസ്തഫ സൗദിയ ഗ്രൂപ്പ്, ഇഖ്ബാൽ നെക്സസ് ഗ്രൂപ്പ്, സജീവൻ ഒടിയിൽ, ബഷീർ, കരീം, അജീഷ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.