വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൌകര്യങ്ങളിലുള്ള അപര്യാപ്തത പരിഹരിക്കാന്‍ എന്ത് ചെയ്യുമെന്ന് പറയാതെയാണ് സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ്. വേണ്ടത്ര പ്ലസ് ടു സീറ്റുകള്‍ പോലുമില്ലാത്ത മലബാറിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ ഒരു വരി പോലുമില്ല. പരീക്ഷാ നടത്തിപ്പ്, റിസല്‍ട്ട് പ്രഖ്യാപനം, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവയിലെ താളപ്പിഴയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.
സംസ്ഥാന സര്‍ക്കാരിന്റെ പോഗ്രസ് റിപ്പോര്‍ട്ടില്‍ 95 മുതല്‍ 101 വരെയുള്ള പേജുകളിലാണ് വിദ്യാഭ്യാസ മേഖലയെക്കുറിച്ച് പറയുന്നത്. പ്ലസ് ടുവിന് പോലും സീറ്റുകളില്ലാത്ത പ്രശ്നം എങ്ങനെ മറികടക്കുമെന്ന് ഒരിടത്തും പറയുന്നില്ല. ഡിഗ്രിക്കും പിജിക്കും ഇഷ്ടപ്പെട്ട കോഴ്സുകള്‍ പഠിക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ കൂടിവരുന്ന ഇക്കാലത്ത് അതിനെക്കുറിച്ചും മൌനമാണ്. റിസല്‍ട്ട് അനന്തമായി വൈകുന്നതും റിസല്‍ട്ട് വന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാന്‍ കഴിയാത്ത യൂണിവേഴ്സ്റ്റികളുടെ നിലവാരം എങ്ങനെ മെച്ചപ്പെടുത്തുമെന്നും മിണ്ടാട്ടമില്ല.
പത്താം ക്ലാസ് കഴിഞ്ഞിട്ടും അക്കവും അക്ഷരവും ഉറക്കാത്ത തലമുറയെന്ന ചീത്തപ്പേര് മാറ്റാന്‍ പഠിപ്പിച്ച കാര്യങ്ങള്‍ കുട്ടി മനസ്സിലാക്കിയോ എന്നറിയാന്‍ ഔട്ട് കം ബേസിഡ് ലേണിംഗ് രീതി വേണമെന്ന ആവശ്യത്തോടും മുഖംതിരിച്ച് നില്‍ക്കുന്നു. സൈദ്ധാന്തിക പിടിവാശികളാണ് അതിന് കാരണമെന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ അഭിപ്രായം.