വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത അബിൻ സി.രാജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അബിൻ രാജിനെ കസ്റ്റഡിയിൽ വിട്ട് കിട്ടുന്നതിനുള്ള അപേക്ഷയും പൊലീസ് നൽകും. ഇയാളെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ വ്യാജ സർട്ടിഫിക്കറ്റ് നിർമാണത്തെപ്പറ്റിയുള്ള കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ. വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയ എറണാകുളത്തെ ഏജൻസിയിൽ നിഖിലിനെയും അബിൻ രാജിനെയുമെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.
ഏതാനും നാളായി സ്ഥാപനം അടഞ്ഞുകിടക്കുകയാണ്. തട്ടിപ്പ് കേസിൽ പ്രതിയായ സ്ഥാപനത്തിൻ്റെ നടത്തിപ്പുകാരനെ കേന്ദ്രീകരിച്ചും അന്വേഷണമുണ്ടാകും. സർട്ടിഫിക്കറ്റിൻ ഉറവിടം സംബന്ധിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് സൂചന. രണ്ട് ലക്ഷം രൂപ കൈപ്പറ്റി നിഖിലിന് മാത്രമാണ് സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളൂവെന്ന അബിൻ രാജിൻ്റെ മൊഴി പോലീസ് പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. അബിൻ രാജ് വഴി കൂടുതൽ പേർ വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഒളിവിൽ പോകുന്നതിന് മുന്നോടിയായി ഉപേക്ഷിച്ചെന്ന് പറയുന്ന നിഖിൽ തോമസിൻ്റെ ഫോൺ ഇതുവരെ കണ്ടെത്തിയിട്ടില്ല.
നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദം കത്തിയ സമയത്തെല്ലാം അബിൻ സി രാജ് മാലിദ്വീപിൽ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് കേസിലെ രണ്ടാം പ്രതിയായ അബിനെ നാട്ടിലെത്തിക്കാൻ പൊലീസ് വലിയ പരിശ്രമമാണ് നടത്തിയത്. മാലിദ്വീപിൽ നിന്ന് അബിനെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാനായി കേരളാ പൊലീസ് ഇന്റര്‍പോളിന്റെ സഹായം ഉൾപ്പെടെ തേടി. അബിനെ കണ്ടെത്താൻ ബ്ലൂ കോർണർ നോട്ടീസും ഇറക്കിയിരുന്നു. ഒടുവിൽ റെഡ് കോർണർ നോട്ടീസ് ഇറക്കാൻ ഇരിക്കവേയാണ് കഴിഞ്ഞ ദിവസം അബിൻ നാട്ടിലേക്ക് വന്നത്. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ അബിൻ വിമാനമിറങ്ങി. ഉടൻ തന്നെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പുലർച്ചയോടെ ഇയാളെ കായംകുളത്തേക്ക് കൊണ്ടുവന്നു. കായംകുളം എസ് ഐ ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.