അഭയ കേസിലെ കൂട്ടക്കൂറു മാറ്റം അംഗീകരിച്ച് സി.ബി.ഐ പ്രത്യേക കോടതി. മൂന്ന് സാക്ഷികളെ വിസ്താരത്തില്‍ നിന്ന് ഒഴിവാക്കി. സെപ്തംബര്‍ 16ന് വിചാരണ വീണ്ടും ആരംഭിക്കും.
സിസ്റ്റര്‍മാരായ വിനീത,ആനന്ദ്,ഷേര്‍ളി എന്നിവരെയാണ് വിചാരണ നടത്താനിരുന്നത്. എന്നാല്‍ വിചാരണ ആവശ്യമില്ലെന്നും സാക്ഷികള്‍ കൂറു മാറിയതാണെന്നും പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചു. മുന്‍ സാക്ഷികളുടെ നിലപാട് കൂടി പരിഗണിച്ച കോടതി സാക്ഷികളെ വിചാരണ നടത്തേണ്ടതില്ലായെന്ന് ഉത്തരവിട്ടു. മൂന്ന് പേരും അഭയയുടെ സുഹൃത്തുക്കളാണ്. സഭയുമായി ബന്ധപ്പെട്ടിരിക്കുന്ന സാക്ഷികളാരും പ്രോസിക്യൂഷന്‍ വാദത്തെ പിന്തുണക്കില്ലെന്നാണ് സി.ബി.ഐയുടെ നിലപാട്.
നേരത്തെ പ്രധാന സാക്ഷികളായ സിസ്റ്റര്‍ അനുപമയും സഞ്ജു പി. മാത്യു എന്നിവരടക്കം അഞ്ചിലധികം പേര്‍ കൂറ് മാറിയിരുന്നു. സാക്ഷികളുടെ കൂട്ട കൂറുമാറ്റം കണ്ട കോടതി വിസ്താരക്കൂട്ടില്‍ അപ്രതീക്ഷിത കാര്യങ്ങളാണല്ലോ കേള്‍ക്കുന്നതെന്ന് പോലും ചോദിച്ചു. ഈ മാസം 16ന് അഭയ കേസില്‍ വീണ്ടും വിചാരണ ആരംഭിക്കും. മുഖ്യസാക്ഷികളെല്ലാം കൂറ് മാറുന്ന സാഹചര്യത്തില്‍ ശാസ്ത്രീയ തെളിവുകളെ ആശ്രയിക്കാനാണ് സി.ബി.ഐ തീരുമാനം.