ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളായ എല്ലാവരെയും വെറുതെ വിട്ട വിധി വേദനാജനകവും അപമാനകരവും അവിശ്വസനീയവുമാണെന്ന് അബ്ദുന്നാസര്‍ മഅ്ദനി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മഅ്ദനി കോടതി വിധിയിലെ അനീതി ചൂണ്ടിക്കാട്ടിയത്.
കാൽ നൂറ്റാണ്ട് പഴക്കമുള്ള കേസിലാണ് ലക്നൌ പ്രത്യേക സി.ബി.ഐ കോടതി വിധി പുറപ്പെടുവിച്ചത്. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളില്ല. ബാബറി മസ്ജിദ് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് തകര്‍ത്തതല്ലെന്ന് ലക്നൗ കോടതി നിരീക്ഷിച്ചു. പെട്ടെന്ന് സംഭവിച്ചതാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ തെളിവുകളില്ലെന്നും കോടതി പറഞ്ഞു. മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനി അടക്കം 32 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് സുരേന്ദ്ര കുമാര്‍ യാദവാണ് രണ്ടായിരം പേജുള്ള വിധി പുറപ്പെടുവിച്ചത്.
അദ്വാനിയും ജോഷിയും ഉള്‍പ്പടെയുള്ള എല്ലാവരും ജനക്കൂട്ടത്തെ തടയാനാണ് ശ്രമിച്ചത് എന്നും കോടതി പറഞ്ഞു. മുൻ ഉപപ്രധാനമന്ത്രി എൽ. കെ അദ്വാനിക്ക് പുറമെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി മുൻ യു.പി മുഖ്യമന്ത്രി കല്യാൺ സിങ് എന്നിവരടക്കം 32 പേരാണ് കേസിൽ പ്രതികളായിട്ടുണ്ടായിരുന്നത്. കനത്ത സുരക്ഷയിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. വിധി പ്രഖ്യാപനത്തിന് മുൻപേ തന്നെ പ്രധാന കവാടത്തിന് പരിസരത്തെ റോഡുകളെല്ലാം അടച്ചിരുന്നു.
1992 ഡിസംബര്‍ ആറിനാണ് രാമജന്മ ഭൂമിയാണെന്ന് അവകാശപ്പെട്ട് ഒരു കൂട്ടം ഹിന്ദുത്വവാദികൾ അയോധ്യയിലെ ബാബരിയിൽ സ്ഥിതി ചെയ്തിരുന്ന മസ്ജിദ് തകര്‍ത്തത്. രാമക്ഷേത്ര നിർമാണത്തിനായി ഭൂമി വിട്ടു നൽകിയെങ്കിലും പള്ളി പൊളിച്ചത് ക്രിമിനൽ കുറ്റമാണെന്ന് ഭൂമിത്തർക്ക കേസിലെ വിധിയിൽ കഴിഞ്ഞ വർഷം സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.