മുത്തലാഖ് ബില്ലിന്മേൽ വോട്ട് ചെയ്യാൻ രാജ്യസഭയിൽ വൈകിയതിനെ തുടർന്നുള്ള വിവാദത്തിനു പിന്നാലെ മുസ്ലിം ലീഗ് എം.പി പി.വി അബ്ദുൽ വഹാബിന് തിരിച്ചടിയായി സഭയിലെ ഹാജർനില. നിർണായക ബില്ലുകൾ നിയമമായ വർഷക്കാല സമ്മേളനത്തിൽ അബ്ദുൽ വഹാബ് ഹാജരായത് പകുതിയിലും താഴെ ദിനങ്ങളിലായിരുന്നുവെന്ന് രാജ്യസഭാ രേഖകൾ വ്യക്തമാക്കുന്നു. വഹാബിനു പുറമെ, മുസ്ലിം ലീഗ് പ്രത്യേക താൽപര്യമെടുത്ത് രാജ്യസഭയിലെത്തിച്ച കേരള കോൺഗ്രസ് എം.പി ജോസ് കെ. മാണിയുടെ ഹാജർ നിലയും കുറവാണ്.
ജൂൺ 20-നാരംഭിച്ച സെഷനിൽ ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരം 14 ദിവസം മാത്രമാണ് പി.വി അബ്ദുൽ വഹാബും ജോസ് കെ. മാണിയും സഭയിലെത്തിയത്. കേരളത്തിൽ നിന്നുള്ള എം.പിമാരിൽ മോശം പ്രകടനമാണ് ഇരുവരുടേതും. 18 ദിവസം ഹാജരായ എം.പി വീരേന്ദ്ര കുമാറാണ് പിന്നാലെയുള്ളത്. എളമരം കരീം, കെ.കെ രാഗേഷ്, എ.കെ ആന്റണി, വയലാർ രവി, സോമപ്രസാദ് എന്നിവർ 30 ദിവസവും സഭയിലുണ്ടായിരുന്നു. ബിനോയ് വിശ്വം, നാമനിർദേശം ചെയ്യപ്പെട്ട സുരേഷ് ഗോപി എന്നിവരുടെ ഹാജർ 28 ദിവസമാണ്.
തമിഴ്നാട്ടിൽ നിന്നുള്ള അണ്ണാ ഡി.എം.കെ അംഗം എ. മുഹമ്മദ് ജോൺ ആണ് ഹാജർനിലയിൽ ഏറ്റവും പിന്നിൽ. തമിഴ്നാട്ടിലെ മുൻ മന്ത്രിയായ മുഹമ്മദ് ജോൺ വെറും രണ്ട് ദിവസമാണ് സഭയിലുണ്ടായിരുന്നത്. തൃണമൂൽ കോൺഗ്രസ് അംഗം നദീമുൽ ഹഖ് ആറ് ദിവസമേ സഭയിൽ വന്നുള്ളൂ.
മുത്തലാഖ് ബിൽ രാജ്യസഭയിൽ ചർച്ചക്കു വന്നപ്പോൾ വഹാബ് ഹാജരില്ലാതിരുന്നത് വിവാദമായിരുന്നു. നാട്ടിൽ നിന്ന് അന്ന് തിരിച്ചെത്തിയ അദ്ദേഹത്തിന് സഭാനടപടികൾ നീണ്ടതിനാൽ വോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിഞ്ഞു. അതേസമയം, ജോസ് കെ. മാണിയും വീരേന്ദ്ര കുമാറും വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
ആരോഗ്യപരമായ കാരണങ്ങളാണ് അബ്ദുൽ വഹാബിന്റെ ഹാജർനില കുറയാൻ കാരണമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഈ മാസം ഏഴിന് പാർലമെന്റ് വർഷകാല സെഷൻ പിരിയും.