Kerala

പുനലൂരില്‍ അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണി മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയാകും

പുനലൂരില്‍ അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണി മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയാകും. പേരാമ്പ്ര സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനം രണ്ട് ദിവസത്തിനകമുണ്ടാകും. പി.എം.എ സലാമിനെ മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായിരുന്ന കെപിഎ മജീദ് തിരൂരങ്ങാടിയില്‍ സ്ഥാനാര്‍ത്ഥിയായതോടെയാണ് പുതിയ ജനറല്‍സെക്രട്ടറിയെ തെരഞ്ഞെടുത്തത്.

അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി വിവിധയിടങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകനെ കളമശേരിയില്‍ മത്സരിപ്പിക്കുന്നതിനെതിരെയുള്ള പ്രതിഷേധം തുടരുകയാണ്. അബ്ദുള്‍ ഗഫൂറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കുന്ന മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ കണ്‍വന്‍ഷന്‍ വിളിച്ചു. എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കണ്‍വന്‍ഷന്‍. അബ്ദുള്‍ ഗഫൂറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് മുസ്ലീംലീഗ് എറണാകുളം ജില്ലാ കമ്മിറ്റി.

മുതിര്‍ന്ന നേതാവ് അഹമ്മദ് കബീറിന്റെ അടക്കം പിന്തുണയും ഇക്കാര്യത്തില്‍ എറണാകുളം ജില്ലാ കമ്മിറ്റിക്കുണ്ട്. കളമശേരിയില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് അഹമ്മദ് കബീര്‍ ഇന്നലെ അറിയിച്ചിരുന്നു. അതിനാല്‍ തന്നെ അഹമ്മദ് കബീറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യത്തിലേക്കാണ് ജില്ലാ കമ്മിറ്റി എത്തിയിരിക്കുന്നത്.