Kerala

‘മാര്‍ക്‌സിയന്‍ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരാളാണ് ഷംസീര്‍’;മുസ്ലീങ്ങളെ ഇതിലേക്ക് വലിച്ചിഴക്കരുത്; അബ്ദു റബ്


സ്പീക്കര്‍ എഎന്‍ ഷംസീര്‍ നടത്തിയ പരാമര്‍ശങ്ങളിലേക്ക് മുസ്ലീങ്ങളെ എന്തിനാണ് വലിച്ചിഴക്കുന്നതെന്ന് മുൻ മന്ത്രി പികെ അബ്ദു റബ്. മാര്‍ക്‌സിയന്‍ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരാളാണ് സ്പീക്കര്‍ ഷംസീര്‍, ഷംസീര്‍ നടത്തിയ പരാമര്‍ശങ്ങളിലേക്ക് മുസ്ലീങ്ങളെ എന്തിനാണ് വലിച്ചിഴക്കുന്നത്. വിവാദങ്ങളെ വഴി തിരിച്ചു വിട്ട് സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കാന്‍ സംഘപരിവാര്‍ മാത്രമല്ല, ഭരണകക്ഷി എം.എല്‍.എ വരെ ശ്രമങ്ങള്‍ നടത്തുന്നുവെന്നും അബ്ദു റബ് ഫേസ്ബുക്കിൽ കുറിച്ചു.

പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഷംസീര്‍ വിശ്വസിക്കുന്ന മാര്‍ക്‌സിയന്‍ ദര്‍ശനങ്ങളെയാണ് വിമര്‍ശിക്കേണ്ടത്. പകരം ഇസ്ലാമിനെയും മുസ്ലീങ്ങളെയും വലിച്ചിഴച്ച് സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കുന്നത് എന്തിനാണെന്ന് റബ് ചോദിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അല്ലാഹു എന്നത് ഒരു മിത്താണെന്ന് ഷംസീര്‍ പറയുമോ എന്നാണ് ചോദ്യത്തിനെതിരെയും അബ്ദുറബ് രംഗത്തെത്തി.അല്ലാഹുവില്‍ തന്നെ വിശ്വസിക്കാത്ത നൂറുകണക്കിന് ഷംസീറുമാരും എക്‌സ് മുസ്ലീങ്ങളുമുള്ള നാട്ടിലിരുന്നാണ് സുരേന്ദ്രന്റെ ചോദ്യം. വെറുതെയല്ല, കേരള ബിജെപി ഉപ്പുവെച്ച കലം പോലെയായതെന്നും അബ്ദുറബ് ഫേസ്ബുക്കില്‍ കുറിച്ചു.

അബ്ദു റബ്ബിന്റെ കുറിപ്പ്:

വര്‍ഷങ്ങള്‍ക്കു മുമ്പ് പറവൂരില്‍ വിസ്ഡം ഇസ്ലാമിക് മിഷന്റെ പ്രബോധക സംഘത്തിനു നേരെ
സംഘ പരിവാര്‍ അക്രമമുണ്ടായപ്പോള്‍ വിസ്ഡം പ്രവര്‍ത്തകരുടെ ലഘുലേഖകള്‍ വായിച്ച് ‘ആരും സംഘപരിവാറിന് വഴിമരുന്നിട്ടു കൊടുക്കരുത്’ എന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. അബ്ദുള്ളക്കുട്ടി മുതല്‍ അനില്‍ ആന്റണി വരെ ചെന്ന് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കേരളത്തില്‍ ഒരടി പോലും മുന്നോട്ട് പോകാന്‍ കഴിയാത്ത BJP ക്ക് കേരളത്തിലിപ്പോള്‍ വഴിമരുന്നിട്ട് കൊടുക്കുന്നവര്‍ ആരാണ്…?

മാര്‍ക്‌സിയന്‍ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരാളാണ് സ്പീക്കര്‍ ഷംസീര്‍, ഷംസീര്‍ നടത്തിയ പരാമര്‍ശങ്ങളിലേക്ക് മുസ്ലിംകളെ എന്തിനാണ് വലിച്ചിഴക്കുന്നത്. വിവാദങ്ങളെ വഴി തിരിച്ചു വിട്ട് സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കാന്‍ സംഘപരിവാര്‍ മാത്രമല്ല, ഭരണകക്ഷി എം.എല്‍.എ വരെ ശ്രമങ്ങള്‍ നടത്തുന്നു. ഷംസീര്‍ എന്ന മുസ്ലിം നാമമാണവര്‍ക്ക് പ്രശ്‌നം. ഷംസീറിന്റെ പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഷംസീര്‍ വിശ്വസിക്കുന്ന മാര്‍ക്‌സിയന്‍ ദര്‍ശനങ്ങളെയാണ് വിമര്‍ശിക്കേണ്ടത്.. പകരം ഇസ്ലാമിനെയും മുസ്ലിംകളെയും ഇതിലേക്ക് വലിച്ചിഴച്ച് സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കുന്നത് എന്തിനാണ്..?

ഇസ്ലാമിനെ കാടടച്ച് വിമര്‍ശിക്കുകയും, ദൈവത്തെ പാടെ നിഷേധിക്കുകയും ചെയ്യുന്ന സി.രവിചന്ദ്രനെപ്പോലുള്ള യുക്തിവാദി നേതാക്കളുണ്ട്. ഹൈന്ദവ നാമമുള്ള സി. രവിചന്ദ്രന്‍ അല്ലാഹുവിനെ നിഷേധിക്കുന്നതിനും, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനും മറുപടിയായി ഏതെങ്കിലും മുസ്ലിം നേതാക്കളോ, പണ്ഡിതന്‍മാരോ സി. രവിചന്ദ്രന്‍ എന്ന പേരു മാത്രം നോക്കി ഹിന്ദുമതവിശ്വാസത്തെ ആരെങ്കിലും വിമര്‍ശിക്കാറുണ്ടോ,
അതും പറഞ്ഞ് ഏതെങ്കിലും മുസ്ലിം നേതാക്കള്‍ സ്പര്‍ധയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്താറുണ്ടോ..? ശാസ്ത്രബോധം വളര്‍ത്താന്‍ പോണപോക്കില്‍ മതവിശ്വാസങ്ങളെ വെറുതെ തോണ്ടാന്‍ പോയ ഷംസീര്‍ മുഖ്യമന്ത്രിയുടെ ഭാഷയില്‍ ശരിക്കും വഴിമരുന്നിട്ട് കൊടുക്കുകയല്ലെ ചെയ്തത്.

ശിഷ്ടം:
‘അല്ലാഹു എന്നത് ഒരു മിത്താണെന്ന് ‘ ഷംസീര്‍ പറയുമോ എന്നാണ് BJP പ്രസിഡന്റ് കെ.സുരേന്ദ്രന്റെ ചോദ്യം..അല്ലാഹുവില്‍ തന്നെ വിശ്വസിക്കാത്ത നൂറുകണക്കിന് ഷംസീറുമാരും എക്‌സ് മുസ്ലിംകളുമുള്ള നാട്ടിലിരുന്നാണ് സുരേന്ദ്രന്റെ ഈ ചോദ്യം. സുരേന്ദ്രാ, വെറുതെയല്ല, കേരള BJP ഉപ്പുവെച്ച കലം പോലെയായത്.