India Kerala

ആറന്മുള ഉതൃട്ടാതി വള്ളംകളി നാളെ; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി വള്ളംകളി നാളെ. ജലോത്സവത്തോടനുബന്ധിച്ച്‌ പമ്ബാ നദിയില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ മണിയാര്‍ ഡാമുള്‍പ്പെടെയുള്ള അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തും. 52 പള്ളിയോടങ്ങളാണ് ജലോത്സവത്തില്‍ പങ്കെടുക്കുന്നത്.

നാളെ ഉച്ചക്ക് ഒരു മണിക്ക് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജലോത്സവം ഉദ്ഘാടനം ചെയ്യും. രണ്ട് ബാച്ചുകളായി നടക്കുന്ന വള്ളംകളിയില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന പള്ളിയോടത്തിന് മന്നം ട്രോഫി ലഭിക്കും. വേഗത്തിന് പ്രാധാന്യം നല്‍കാതെ വഞ്ചിപ്പാട്ടുകള്‍, തുഴച്ചില്‍ ശൈലി, ചമയം, വേഷം, അച്ചടക്കം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക.

ആറന്മുള മത്സര വള്ളംകളിയുടെ ഉദ്ഘാടനം ജലവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കും. ജലമേളയോടനുബന്ധിച്ച്‌ നാടന്‍ കലകളുടെ അവതരണവും ഉണ്ടാകും. ജലോത്സവത്തോടനുബന്ധിച്ച്‌ പമ്ബയില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ മണിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്ന് 130 ക്യുമെക്സ് തുറന്ന് വിടും. കൂടാതെ മൂഴിയാര്‍, കക്കാട് വൈദ്യുത നിലയങ്ങളില്‍ ഉത്പാദനം പൂര്‍ണതോതില്‍ നടത്തും. തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിട്ടുണ്ട്. ജില്ലയില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും.