India Kerala

തൊടുപുഴയിലെ ക്രൂരതയ്ക്ക് പിന്നിലെ അരുണ്‍ ആനന്ദ് സ്ഥിരം കുറ്റവാളി

ഇടുക്കി: തൊടുപുഴയില്‍ 7 വയസുകാരനായ കുഞ്ഞിനെ മൃതപ്രായനാക്കിയ അരുണ്‍ ആനന്ദ് സ്ഥിരം ക്രിമിനല്‍. ഇയാള്‍ക്കെതിരെ കൊലക്കേസും ഉണ്ടായിരുന്നു. 2008ല്‍ വിജയരാഘവന്‍ എന്നയാളെ കൊന്ന കേസിലെ ആറാം പ്രതിയായിരുന്നു അരുണ്‍്. ഈ കേസില്‍ ഇയാളെ കുറ്റ വിമുക്തനാക്കിയിരുന്നു. മ്യൂസിയം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ട് കേസുകളും ഉണ്ട്. പിതാവ് ആനന്ദ് ഫെഡറല്‍ ബാങ്കില്‍ ജീവനക്കാരനായിരുന്നു. അനന്ദ് മരിച്ചപ്പോള്‍ ആശ്രിത നിയമനം പ്രകാരം അരുണിന് ബാങ്ക് ജോലി നല്‍കി. പിന്നീട് ജോലി രാജിവച്ച്‌ താന്‍ ബിസ്സനസ്സിലേയ്ക്ക് തിരിയുകയായിരുന്നെന്നാണ് ഇയാള്‍ പൊലീസിനെ ധരിപ്പിച്ചിട്ടുള്ളത്.

ആറടിയോളം പൊക്കവും അതിനൊത്ത വണ്ണവുമുള്ള അജാന ബാഹുവാണ് അരുണ്‍.കാല്‍പാദത്തിന് ഏകദേശം 12 ഇഞ്ച് വലിപ്പമുണ്ട്. മദ്യപിച്ചാല്‍ അക്രമം പതിവായിരുന്നു. ഇളയ കുട്ടിയുടെ ദേഹത്ത് മുറിവുകള്‍ ഉണങ്ങിയ നിരവധി പാടുകളുണ്ടെന്നും പൊലീസ് പറയുന്നു. മാതാവ് സത്യം വെളിപ്പെടുത്താത്തതുകൊല്ലൂമെന്ന ഭീതി മൂലമെന്നും നിഗമനം. അതീവഗുരുതരമാണ് കുഞ്ഞിന്റെ അവസ്ഥ. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഇന്നലെ രാത്രി കുഞ്ഞ് കൈകള്‍ അനക്കുന്നുണ്ടായിരുന്നു. ഇപ്പോഴതും നിലച്ചു. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴ് വയസ്സുകാരനും ഇളയ കുഞ്ഞിനും മാസങ്ങളായി മര്‍ദ്ദനമേറ്റിരുന്നെന്നാണ് മൊഴി. കുട്ടിയുടെ അമ്മയും ഇളയ കുഞ്ഞുമാണ് മാസങ്ങളായി തിരുവനന്തപുരം സ്വദേശിയായ അരുണ്‍ ആനന്ദ് മര്‍ദ്ദിക്കാറുണ്ടെന്ന് പൊലീസിന് മൊഴി നല്‍കിയത്. പൊലീസ് വിശദമായി വിവരങ്ങള്‍ ചോദിച്ചപ്പോള്‍ പുറത്തു വന്നത് ഞെട്ടിക്കുന്ന ക്രൂരതയാണ്. ഇന്നലെ പുലര്‍ച്ചെയോടെയാണ് തലയോട്ടി പൊട്ടിയ നിലയില്‍ കുഞ്ഞിനെ അമ്മയും സുഹൃത്തായ അരുണ്‍ ആനന്ദും ചേര്‍ന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവരുന്നത്. രക്തത്തില്‍ കുളിച്ച കുഞ്ഞിന്റെ തലച്ചോറ് പുറത്തു വന്ന നിലയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ കുട്ടിയുടെ അമ്മ ആദ്യം സോഫയില്‍ നിന്ന് വീണ് തല പൊട്ടിയെന്നാണ് പറഞ്ഞത്. എന്നാല്‍ കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നി. ബലമുള്ള എന്തോ വസ്തു വച്ച്‌ തലയിലടിച്ച പോലെയായിരുന്നു കുട്ടിയുടെ പരിക്കുകള്‍.

കുട്ടിയുടെ പരിചരണത്തിനായിരുന്നു ആദ്യ പരിഗണന നല്‍കേണ്ടത് എന്നതിനാല്‍ ആദ്യം ഡോക്ടര്‍മാര്‍ കുഞ്ഞിന് അടിയന്തരശസ്ത്രക്രിയ നടത്തി. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി കുട്ടിയുടെ അമ്മയുടെ സുഹൃത്തായ അരുണ്‍ ആനന്ദിനോട് വിശദാംശങ്ങള്‍ ചോദിച്ചു. എന്നാല്‍ ചോദ്യം ചെയ്യലിനോട് ശരിക്ക് സഹകരിക്കാനോ പൊലീസ് നിര്‍ദ്ദേശിച്ചതു പോലെ ആംബുലന്‍സില്‍ കയറാനോ ഇയാള്‍ തയ്യാറായില്ല. അപ്പോഴും അരുണ്‍ ലഹരിയിലായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. തുടര്‍ന്നാണ് പൊലീസ് ഇയാളുടെ കാര്‍ കസ്റ്റഡിയിലെടുക്കുന്നത്. കാര്‍ പരിശോധിച്ചപ്പോള്‍ അതില്‍ നിന്ന് ഒരു കോടാലിയും മദ്യക്കുപ്പിയും കണ്ടെത്തി. തുടര്‍ന്ന് കുട്ടിയുടെ അമ്മൂമ്മയോടൊപ്പം അമ്മയെ ഇരുത്തി വിശദമായി കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് അവര്‍ സംഭവം തുറന്ന് പറയാന്‍ തയ്യാറായത്.

അതിനിടെ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന 7 വയസുകാരന്റെ ചികിത്സാചെലവും ഇളയ കുട്ടി ഉള്‍പ്പെടെയുള്ള രണ്ട് കുട്ടികളുടെ സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതാണ്. ആരോഗ്യ വകുപ്പും സാമൂഹ്യനീതി വകുപ്പും വനിത ശിശു വികസന വകുപ്പും ഏകോപിച്ചാണ് കുട്ടികളുടെ ചികിത്സയും സംരക്ഷണവും ഏറ്റെടുക്കുന്നത്. ചികിത്സയിലുള്ള കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുട്ടികളോടുള്ള അതിക്രമം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കുട്ടികളോടുള്ള അതിക്രമം അറിഞ്ഞിട്ടും അത് മൂടി വയ്ക്കുന്നതും ഗുരുതരമായ തെറ്റാണെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇടുക്കി ജില്ലാ അധികാരികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന കുട്ടിക്ക് വിദഗ്ദ്ധ ചികിത്സയടക്കമുള്ള എല്ലാ സഹായവും നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

എട്ട് മാസമായി തിരുവനന്തപുരം സ്വദേശിയായ മുപ്പത്തഞ്ചുകാരന്‍ അരുണ്‍ ആനന്ദിനൊപ്പം താമസിക്കുകയായിരുന്നു ഈ യുവതിയും രണ്ട് കുട്ടികളും. കുട്ടികളുടെ അച്ഛന്‍ ഒരു വര്‍ഷം മുമ്ബ് മരിച്ചിരുന്നു. ഇതിന് ശേഷമാണ് അരുണിനൊപ്പം യുവതി തൊടുപുഴയില്‍ വന്ന് താമസമാക്കിയത്. ഏഴ് വയസ്സുകാരനെ ഒരു മാസം മുമ്ബ് മാത്രമാണ് സ്‌കൂളില്‍ ചേര്‍ത്തത്. തന്നെയും കുട്ടികളെയും ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നാണ് യുവതി മൊഴി നല്‍കിയത്. ആദ്യം ഉണ്ടായ കാര്യങ്ങള്‍ പൊലീസിനോട് പറയാതിരുന്നത് അരുണ്‍ ആനന്ദിനെ ഭയന്നാണ്. ഇയാള്‍ മാരകമായി ഉപദ്രവിക്കാറുണ്ടെന്നും തുറന്ന് പറയാന്‍ ഭയമായിരുന്നെന്നും യുവതി പറയുന്നു. ഇവരുടെ മുഖത്തും കണ്ണിലും അടി കൊണ്ട് നീര് വന്ന് വീര്‍ത്ത പാടുകളുണ്ട്. അന്ന് രാത്രി യുവതിയും അരുണും പുറത്ത് പോയി വന്നപ്പോള്‍ ഇളയ കുഞ്ഞ് സോഫയില്‍ മൂത്രമൊഴിച്ചത് കണ്ടു. അരുണ്‍ മദ്യപിച്ച നിലയിലായിരുന്നു. മൂത്ത കുട്ടിയോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. ഉത്തരം കിട്ടാതായതോടെ കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

തടയാന്‍ ശ്രമിച്ചപ്പോള്‍ അമ്മയെയും ഇളയ കുഞ്ഞിനെയും ഇയാള്‍ വലിച്ചിട്ട് തല്ലി. അരുണിനെ ഭയമായിരുന്നു. മാരകമായി മര്‍ദ്ദിക്കുമായിരുന്നു. കുട്ടിയെ അന്ന് രാത്രി ഇയാള്‍ താഴെയിട്ട് പല തവണ ചവിട്ടി. അലമാരയ്ക്കുള്ളില്‍ വച്ച്‌ ഞെരിച്ചുവെന്നും കുട്ടികളുടെ അമ്മ പറയുന്നു. പൊലീസ് ആദ്യം ചോദ്യം ചെയ്യുമ്ബോഴും അരുണ്‍ ആനന്ദ് ലഹരിയിലായിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ ചോദിക്കുമ്ബോള്‍ ലഹരിയിലായതിനാല്‍ ഒന്നും ഓര്‍മയില്ലെന്നാണ് പറയുന്നത്. എന്ത് ലഹരിപദാര്‍ത്ഥമാണ് ഉപയോഗിക്കുന്നതെന്നറിയാന്‍ ഇയാളെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. ഇയാള്‍ക്കെതിരെ കുട്ടികളെ അതിക്രമിക്കല്‍ ഉള്‍പ്പടെയുള്ള ഗുരുതര വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തും. വധശ്രമത്തിനും കേസെടുക്കും.