കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ നിലനില്‍പ്പ് ചോദ്യ ചിഹ്നത്തില്‍. പുതിയ പാര്‍ട്ടി രൂപീകരിക്കണോ, മറ്റൊരു പാര്‍ട്ടിയില്‍ ചേരണോയെന്ന കാര്യത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായ സര്‍വ്വേ നടക്കുകയാണ്. സംസ്ഥാന കമ്മിറ്റി മുതല്‍ കീഴ്‌ഘടകങ്ങള്‍ വരെയുള്ള കമ്മിറ്റികളില്ലാതായിട്ട് ഒരു വര്‍ഷം കഴിഞ്ഞു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം മരവിപ്പിച്ച സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല സംസ്ഥാന കമ്മിറ്റി ഓഫീസ് തുറന്നിട്ട് തന്നെ നാല് മാസമായി. വാടക കൊടുക്കാത്തതുമൂലം ജില്ലാ കമ്മിറ്റി ഓഫീസുകളൊന്നും പ്രവര്‍ത്തിക്കുന്നില്ല. രണ്ട് വര്‍ഷമായി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ട്. പുതിയ കമ്മിറ്റികളെ ഉടന്‍ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് ഇ- മെയില്‍ അയക്കുന്നുണ്ടങ്കിലും മറുപടികള്‍ ലഭിക്കാത്തതാണ് കേരളത്തിലുള്ളവരെ കുഴപ്പിക്കുന്നത്.
ഒപ്പം സി.ആര്‍ നീലകണ്ഠനടക്കമുള്ള നേതാക്കളെ സ്ഥാനത്ത് നിന്ന് മാറ്റിയതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രസക്തി കുറഞ്ഞ് വരുന്നതും പ്രവര്‍ത്തകരുടെ വീണ്ടു വിചാരത്തിന് കാരണമാണ്. പാര്ട്ടിയില്‍ നില്‍ക്കണമോ,പുതിയ പാര്‍ട്ടി രൂപീകരിക്കണോ,മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരണമോയെന്ന കാര്യത്തില്‍ അഭിപ്രായ സര്‍വെ നടക്കുകയാണ് ഇപ്പോള്‍. ഇതിനകം തന്നെ നിരവധി സജീവ പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടി വിട്ടു കഴിഞ്ഞു.