ഡൽഹിയിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള സഖ്യ നീക്കം വീണ്ടും സജീവമാകുന്നു. എൻ.സി.പി അധ്യക്ഷൻ ശരത് പവാറിന്റെ മധ്യസ്ഥതയിലാണ് ചർച്ചകൾ നടക്കുന്നത്. ഡൽഹി കോൺഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത് വർക്കിംഗ് പ്രസിഡന്റുമാരുടെ യോഗം വിളിച്ചു.
സഖ്യത്തിന് കെജ്‍രിവാൾ തന്നെ മുൻകൈയെടുത്തെങ്കിലും ആം ആദ്മി പാർട്ടിയുമായി കൈകോർക്കാൻ കോൺഗ്രസ് തയ്യാറായിരുന്നില്ല. എന്നാൽ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിച്ച് പോകുന്നതിന്റെ അപകടം തിരിച്ചറിയുന്നതിന്റെ അടിസ്ഥാനത്തിൽ ആണ് വീണ്ടും സഖ്യ നീക്കം സജീവമാകുന്നത്. എൻ.സി.പി അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിലാണ് ഇരുപാർട്ടികളും ആയുള്ള മധ്യസ്ഥ നീക്കം.
ഷീലാദീക്ഷിത് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ എതിർത്തതിനെത്തുടർന്ന് ആദ്യഘട്ടത്തിൽ സഖ്യം വേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചിരുന്നു. എന്നാൽ ശക്തി ആപ്ലിക്കേഷനിലൂടെ പ്രവർത്തകരുടെ മനസ്സറിയാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ നീക്കമാണ് നിർണായകമായത്. രാഹുൽഗാന്ധി വൈകാതെ ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് ഡൽഹിയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി.സി ചാക്കോ അറിയിച്ചു.