ഐഎന്‍എല്ലില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍. ഘടകകക്ഷികളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്ത് മാത്രമേ അഭിപ്രായം പറയാനാകൂ.വിശദാംശങ്ങള്‍ മുന്നിലില്ല.
മാധ്യമങ്ങള്‍ക്ക് എങ്ങനെയും വ്യാഖ്യാനിക്കാം. തെരുവ് യുദ്ധം എന്ന് മാധ്യമങ്ങള്‍ക്ക് പറയാം. മാധ്യമങ്ങളില്‍ കാണുന്നത് മാത്രമേ അറിയൂ. ഇത് മുന്നണിയുടെ താത്പര്യത്തിന് സഹായകരമായ നിലപാടല്ല. ഐഎന്‍എല്‍ നേതാക്കളുമായി സംസാരിച്ചിട്ടില്ലെന്നും വിജയരാഘവന്‍. തൃശൂരില്‍ വച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഐഎൻഎല്ലിലെ സംഭവ വികാസങ്ങളെ അമർഷത്തോടെയാണ് സിപിഐഎം കാണുന്നതെന്ന് വിവരം. സർക്കാരിൻ്റേയും മുന്നണിയുടേയും പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കുന്നതൊന്നും പാടില്ലെന്ന സിപിഐഎം നേതൃത്വത്തിൻ്റെ കർശന നിർദേശം ലംഘിച്ചാണ് ഐഎൻഎൽ ഭിന്നത തെരുവുയുദ്ധത്തിലേക്ക് നീങ്ങിയത്. ഐഎൻഎല്ലിൽ നടക്കുന്ന കാര്യങ്ങൾ അതീവ ഗൗരവത്തോടെ യാണ് സിപിഐഎം നോക്കിക്കാണുന്നത്.
മൂന്നു പതിറ്റാണ്ടോളം എകെജി സെൻ്ററിൻ്റെ പടിവാതിൽക്കൽ കാത്തുനിന്ന ഐഎൻഎൽ ഇടതു മുന്നണി ഘടകകക്ഷിയായിട്ട് അധികകാലമായില്ല. സ്ഥാപക നേതാക്കളിൽ ഇബ്രാഹിം സുലൈമാൻ സേട്ടടക്കം പലരും മരിച്ചു. എൻഎ നെല്ലിക്കുന്നും പി എം എ സലാമുമൊക്കെ ഐഎൻഎല്ലിനോട് സലാം പറഞ്ഞു. മൂന്നു സീറ്റ് ഇക്കുറി മുന്നണി നൽകി.
അഹമ്മദ് ദേവർകോവിൽ ജയിച്ചു. ഐഎൻഎല്ലും ദേവർകോവിലും ആദ്യമായി മന്ത്രിസഭയിൽ ഇടം നേടി. അടുത്ത ദിവസം മുതൽ ഭിന്നത തുടങ്ങി. പിഎസ്സി അംഗത്തെ നിയമിക്കാൻ 40 ലക്ഷം പാർട്ടി നേതൃത്വം വാങ്ങിയെന്ന ആരോപണം ഉന്നയിച്ചത് ഐഎൻഎൽ നേതാവാണ്. ലീഗ് രാജ്യസഭാംഗം പി വി അബ്ദുൽ വഹാബിൽ നിന്ന് അഹമ്മദ് ദേവർ കോവിൽ തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങിയെന്ന് ആരോപണം ഉന്നയിച്ചത് മറ്റൊരു ഐ എൻ എൽ നേതാവായിരുന്നു.
പാർട്ടിയിൽ ഭിന്നത മുറുകിയതോടെ അഹമ്മദ് ദേവർകോവിലിൻ്റെ പേഴ്സണൽ സ്റ്റാഫംഗങ്ങളെ നിശ്ചയിക്കാൻ പോലും പാർട്ടിക്ക് കഴിഞ്ഞില്ല. തർക്കം ചൂണ്ടിക്കാട്ടി സിപിഐഎം പേഴ്സണൽ സ്റ്റാഫുകളെ നിയമിച്ചു. ഭിന്നത വിഴുപ്പലക്കലായപ്പോൾ എ പി അബ്ദുൽ വഹാബിനെയും കാസിം ഇരിക്കൂറിനേയും മൂന്നാഴ്ച മുന്‍പ് എകെജി സെൻ്ററിൽ വിളിച്ചു വരുത്തി എ വിജയരാഘവൻ താക്കീത് ചെയ്തു. സിപിഐഎമ്മിൻ്റെ കണ്ണുരുട്ടലും ഫലം കണ്ടില്ല. ഇനി കാഴ്ചക്കാരായി സിപിഐഎം നിൽക്കാൻ ഇടയില്ല. ഐഎൻഎല്ലിനെ തത്കാലം തഴയില്ലെങ്കിലും കാര്യങ്ങൾ കൈവിട്ടാൽ കടുത്ത നടപടിയിലേക്ക് മുന്നണി നേതൃത്വം കടന്നേക്കും.