സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെട്ട മുന്‍ എം.പി എ സമ്പത്ത് ചുമതലയേറ്റെടുത്തു. ക്യാബിനറ്റ് റാങ്കോടെയാണ് ഡല്‍ഹിയില്‍ എ.സമ്പത്തിനെ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് സമ്പത്തിന്റെ നിയമനം.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാമ്പത്തിക സമാഹരണത്തിനായി കേരളഹൌസില്‍ ആരംഭിച്ച കൌണ്ടറിന്റെ ഉദ്ഘാടനം സമ്പത്ത് നിര്‍വഹിച്ചു. പ്രളയസഹായങ്ങള്‍ക്കായി എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്നതിനാണ് പ്രഥമ പരിഗണനയെന്നും മറ്റ് വിമര്‍ശനങ്ങള്‍ക്ക് പിന്നീട് മറുപടി പറയാമെന്നും സമ്പത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.